കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍; കടകംപള്ളി സുരേന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 ാം തീയതി മുതല്‍ വിതരണം ചെയ്യുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. ഈ മാസം 28 നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ആ അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. ചുരുക്കി പറഞ്ഞാല്‍ പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടിശ്ശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കപ്പെടും എന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന സഹകരണ ബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡര്‍ ആക്കി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സമാഹരിക്കാനുള്ള തീരുമാനത്തിന് സഹകരണ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ഇന്നത്തെ യോഗത്തില്‍ ലഭിച്ചത്. സഹകരണ വകുപ്പ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതിനായി സമാഹരിക്കാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിയോളം തുക നല്‍കാന്‍ സന്നദ്ധമായി പ്രാഥമിക സംഘങ്ങള്‍ മുന്നോട്ട് വരികയായിരുന്നു എന്നും മന്ത്രി പറഞ്ഞു. 

ഇരുനൂറോളം സംഘങ്ങള്‍ പണം നല്‍കാന്‍ സ്വമേധയാ തയ്യാറായി. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത്രയും തുക ആവശ്യമില്ലാത്തതിനാല്‍ 4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് മാത്രമാണ് പണം സമാഹരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍ നിന്നായി 140 കോടി രൂപയും, എറണാകുളം ജില്ലയിലെ 4 സംഘങ്ങളില്‍ നിന്ന് 50 കോടി രൂപയും, പാലക്കാട് ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയും, തിരുവനന്തപുരം ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയുമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.


LATEST NEWS