കടകംപള്ളിക്ക് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചത് പ്രോട്ടോക്കോൾ പ്രശ്നംമൂലം വി.കെ.സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കടകംപള്ളിക്ക് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചത് പ്രോട്ടോക്കോൾ പ്രശ്നംമൂലം വി.കെ.സിങ്

തിരുവനന്തപുരം∙ മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്രം. പ്രോട്ടോക്കോൾ പ്രശ്നം മൂലമാണു കടകംപള്ളിക്ക് യാത്രാനുമതി നൽകാതിരുന്നതെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. മന്ത്രി കടകംപള്ളി ചർച്ച നടത്താനിരുന്നത് താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥനുമായാണ്. ഇത് പൊതുവെ അനുവദിക്കാറില്ല. രാജ്യനിലവാരത്തിന് ചേർന്ന പരിപാടിയല്ല ചൈനയിൽ നടക്കുന്നതെന്നും വി.കെ.സിങ് മാധ്യമങ്ങളോടു വിശദീകരിച്ചു.

ഈ മാസം 11 മുതല്‍ 16 വരെ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ചൈനയിൽ സംഘടിപ്പിക്കുന്ന ലോക ടൂറിസം സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അനുമതിയാണ് കടകംപള്ളിക്ക് കേന്ദ്രം നിഷേധിച്ചത്. പ്രത്യേകിച്ച് വിശദീകരണം നൽകാതെയായിരുന്നു നടപടി. ഈ തീരുമാനം രാജ്യത്തിനു മോശമാണെന്നും സങ്കുചിത രാഷ്ട്രീയചിന്ത നാടിന്റെ നല്ല കാര്യങ്ങള്‍ക്കു ഗുണകരമല്ലെന്നുമാണ് കടകംപള്ളി പ്രതികരിച്ചത്.


കടകംപള്ളിക്ക് അനുമതി നിഷേധിച്ചതു നിർഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. പക്ഷേ, അനുകൂല തീരുമാനമുണ്ടായിരുന്നില്ല. രാജ്യത്ത് കേരളത്തിലെ മന്ത്രിക്കു മാത്രമായിരുന്നു ഔദ്യോഗിക ക്ഷണം. ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെ കേരളത്തിന്റെ സഞ്ചാര സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായെന്നു പിണറായിയും കടകംപള്ളിയും പറഞ്ഞു.
 


LATEST NEWS