രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ , ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

സംഘര്‍ഷങ്ങള്‍ ഉണ്ടാക്കരുതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കണമെന്നുമുള്ള നിര്‍ദേശം ഉണ്ടായി. അത് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും പ്രാദേശികഘടകങ്ങള്‍ക്കും ഇരുപാര്‍ട്ടികളും നിര്‍ദേശം നല്‍കും. പത്ത് ദിവസത്തിനുള്ളില്‍ ഈ സന്ദേശം എല്ലാ സിപിഎം-ബിജെപി പ്രവര്‍ത്തകരിലും എത്തിക്കണമെന്നാണ് യോഗത്തിലെ തീരുമാനം. ഇതിനായി ഇരുപാര്‍ട്ടികളും യോഗങ്ങള്‍ വിളിക്കും.

അടുത്തിടെ സംഘര്‍ഷങ്ങളുണ്ടായ പയ്യന്നൂരിലും തലശ്ശേരിയിലും ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ മുന്‍കൈയ്യെടുത്ത് ചര്‍ച്ചകള്‍ സംഘടിപ്പിക്കും . ആഗസ്റ്റ് പതിനൊന്നിന് പയ്യന്നൂരില്‍ ആദ്യയോഗം ചേരും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന സമാധാന യോഗത്തിന് ശേഷം കണ്ണൂരില്‍ സര്‍ക്കാര്‍ തലത്തിലുള്ള സമാധാനചര്‍ച്ചകളും ആരംഭിക്കും.

സംഘര്‍ഷമുണ്ടായാല്‍ ചര്‍ച്ച എന്നതിന് പകരം കൃത്യമായ ഇടവേളകളില്‍ ഇരുവിഭാഗങ്ങളും യോഗം ചേര്‍ന്ന് സമാധാന അന്തരീക്ഷം വിലയിരുത്തണം രാഷ്ട്രീയസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി ദിനം ആചരിക്കുമ്പോള്‍ അത് മറുപക്ഷത്തെ പ്രകോപിപ്പിക്കാത്ത തരത്തില്‍ വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുറന്ന സമീപനമാണ് സമാധാന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും പ്രകടിപ്പിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.


LATEST NEWS