ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു


കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ട് വര്‍ഷമായി സുരക്ഷക്കായി ഏര്‍പ്പെടുത്തിയ നാല് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. വാളയാര്‍, യു.എ.പി.എ കേസുകളില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് സര്‍ക്കാര്‍ നടപടിയെന്ന് കെമാല്‍ പാഷ പറഞ്ഞു.

'ഇസ്ലാമിക് സ്റ്റേറ്റ്സില്‍ നിന്നും ഭീഷണിയുണ്ടെന്ന പേരിലാണ് തനിക്ക് സായുധ സുരക്ഷ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അനുവദിച്ചത്. കനകമലക്കേസ് വന്നപ്പോള്‍ അവര്‍ ലക്ഷ്യമിട്ട ഹൈക്കോടതിയിലെ ജഡ്ജി ഞാനായിരുന്നുവെന്ന് അന്ന് എന്നെ സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും അറിയിച്ചിരുന്നു. തീവ്രവാദികള്‍ എന്നെ ലക്ഷ്യമിട്ടത്  എന്തിനാണെന്ന് എനിക്കറിയില്ല. അതിന്‍റെ പേരില്‍ എനിക്ക് തന്ന സുരക്ഷ ഇപ്പോള്‍ പിന്‍വലിക്കാനുള്ള കാരണമെന്താണെന്നും എനിക്ക് അറിയില്ല. എന്തായാലും സുരക്ഷ നല്‍കാനോ പിന്‍വലിക്കാനോ താന്‍ ആവശ്യപ്പെട്ടിട്ടില്ല'-  കെമാല്‍ പാഷ പറഞ്ഞു

‘മാവോയിസ്റ്റുകളെ, വെടിവെച്ചു കൊലപ്പെടുത്തിയവരെക്കുറിച്ച് എനിക്കറിയില്ല, വാളയാറിലെ പെണ്‍കുട്ടികളെ എനിക്കറിയില്ല, പക്ഷെ സമൂഹത്തിന് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുകയാണ്. ഇനിയും ഞാന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. ചെവി കേള്‍ക്കാത്തവന്റെ ചെവിയായി ഞാന്‍ പോകും. മീഡിയ ഇനിയും എന്റെയടുത്ത് വന്നാല്‍ ധൈര്യപൂര്‍വം എനിക്ക് പറയാനുള്ളത് പറയും. അത് സര്‍ക്കാരിനെതിരായോ പൊലീസിനെതിരായിട്ടോണോ എന്ന് ഞാന്‍ നോക്കാറില്ല. ജനങ്ങള്‍ക്ക് വേണ്ടിയും സത്യസന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ ഇനിയും സംസാരിക്കും. അത് അടക്കാനായിരിക്കും ഈ നടപടിയെന്ന് എനിക്ക് തോന്നുന്നു’; അദ്ദേഹം പറഞ്ഞു.