പ്രളയം: കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഭരണ സ്തംഭനം; രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയം: കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഭരണ സ്തംഭനം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നിട്ടും ഭരണ സ്തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണ്.

സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു പൈസ കൂടുതല്‍ കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവം കാരണം രണ്ടാഴ്ചയായി മന്ത്രിസഭാ യോഗം ചേരാന്‍ കഴിയാത്തതിനാല്‍ നയപരമായ ഒരൊറ്റ തീരുമാനവും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് വിവിധ വകുപ്പുകള്‍ നടത്തുന്നു എന്ന് പറയുന്നതല്ലാതെ അത് എങ്ങും എത്തിയിട്ടില്ല. പ്രളയം കഴിഞ്ഞ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മറ്റ് ദുരിതാശ്വാസ സഹായങ്ങളൊന്നും വിതരണം ചെയ്തിട്ടില്ല. എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ആര്‍ക്കും നല്‍കിയിട്ടില്ല. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ധനസഹായവും ലഭിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്ത പ്രളയത്തില്‍ നിന്ന് സംസ്ഥാനം കരകയറേണ്ട അതീവ നിര്‍ണ്ണായകമായ സമയത്ത് സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടായിരിക്കുന്നത് മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ്. ഭരണത്തിന്റെ തലപ്പത്ത് നാഥനില്ലാത്ത അവസ്ഥ വന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ട് നീങ്ങുന്നില്ല. എന്തിന് ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ അത്യാവശ്യ ചിലവുകള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ 10000 രൂപ പോലും എല്ലാവര്‍ക്കും കിട്ടിയിട്ടില്ല. ഈ തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രളയം കഴിഞ്ഞ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മറ്റ് ദുരിതാശ്വാസ സഹായങ്ങളൊന്നും വിതരണം ചെയ്തിട്ടില്ല. എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാര്‍ക്ക് 10 ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ആര്‍ക്കും നല്‍കിയിട്ടില്ല. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പായിട്ടില്ല. ഇതിന് നടപടി എടുത്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴുക്കന്‍ മട്ടില്‍ പറയുന്നത്. എന്തു നടപടിയാണെടുത്തത്? ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് എന്തായി? മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷവും സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷവും നല്‍കുമെന്ന് പറഞ്ഞെങ്കിലും അതും കിട്ടിയിട്ടില്ല.
പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്ബയുടെ പുനര്‍നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. അവിടെ ബെയ്‌ലി പാലം പണിയുന്നതിന് സൈന്യത്തിന് കത്ത് നല്‍കിയോ? പമ്ബയുടെ പുനര്‍നിര്‍മ്മാണം ദേവസ്വം ബോര്‍ഡിനെക്കൊണ്ട മാത്രം കഴിയില്ലെന്ന് ബോര്‍ഡ് അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കിയോ?

ഇത്രയും രൂക്ഷമായ പ്രകൃതി ദുരന്തത്തിന് ശേഷം മുഖ്യമന്ത്രി ദീര്‍ഘനാളത്തേക്ക് സംസ്ഥാനം വിട്ടു പോകുമ്ബോള്‍ ഭരണച്ചുമതല മറ്റാരെയെങ്കിലും ഏല്പിക്കാതിരുന്നത് വലിയ വീഴ്ചയാണ്. ഇ.പി.ജയരാജനെ മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ അനുവദിച്ച്‌ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അതിന് കഴിയാതെ വരുന്നത് എന്തു കൊണ്ടാണ്? ജയരാജന്‍ അദ്ധ്യക്ഷത വഹിക്കുന്നത് സി.പി.എമ്മിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് ഇഷ്ടമല്ലാത്തതാണോ അതോ ജയരാജന് ചുമതല നല്‍കിയ വിവരം അറിയിക്കാത്തതിനാല്‍ സി.പി.ഐക്കാര്‍ സഹകരിക്കാത്തതാണോ?

വിദേശത്തിരുന്ന് മുഖ്യമന്ത്രി ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച്‌ ഫയല്‍ കൈകാര്യം ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. അങ്ങനെയെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം കൂടി നടത്തിക്കൂടായിരുന്നോയെന്നും ചെന്നിത്തല ചോദിച്ചു.