പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കും

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞവിലയ്ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഇവ പകുതിവിലയ്ക്ക് നല്‍കാന്‍ തയ്യാറാകണമെന്ന് വിവിധ കമ്പനി മോധാവികളുടെ യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ വഴി വായ്പയെടുത്ത് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവന്നവര്‍ക്ക് ഇളവു നല്‍കണമെന്നാണ് ആവശ്യം.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയിലായിരുന്നു കമ്പനി മേധാവികളുടെ യോഗം. വേള്‍പൂള്‍, സോണി, സാംസങ്, പാനസോണിക്, എല്‍.ജി., അമ്മിണി സോളാര്‍, ഗോദ്റെജ്, ഹൈക്കണ്‍, വി-ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ മാട്രസ് എന്നീ 11 കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കമ്പനികളുടെ ഉന്നതതലയോഗത്തില്‍ അവതരിപ്പിച്ചശേഷം വിലക്കിഴിവ് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാമെന്ന് മേധാവികള്‍ ഉറപ്പു നല്‍കി.

1.24 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചത്. ഇവര്‍ക്ക് വായ്പ ലഭ്യമാകുന്ന മുറയ്ക്ക് അയല്‍ക്കൂട്ടം വഴി പണം ലഭിക്കും. തുടര്‍ന്ന് കമ്പനികളുടെ ഉത്പന്നങ്ങളുടെ വിവരങ്ങളും ഡിസ്‌കൗണ്ടും എവിടെനിന്ന് ലഭ്യമാകുമെന്ന വിവരങ്ങളും അറിയിക്കും. ഹോളോഗ്രാം പതിച്ച് മറ്റുള്ളവര്‍ക്ക് കൈമാറാന്‍ സാധിക്കാത്ത ഒരു കാര്‍ഡ് ഓരോ ആളുകള്‍ക്കും നല്‍കും. ഈ കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പോകുന്ന അംഗത്തിനായിരിക്കും കുറഞ്ഞനിരക്കില്‍ സാധനങ്ങള്‍ ലഭിക്കുക.


ഒക്ടോബര്‍ ആദ്യ ആഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെ ആളുകള്‍ക്ക് സാധനം കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്ന തരത്തിലാണ് പദ്ധതി. യോഗത്തില്‍ വ്യവസായ സെക്രട്ടറി സഞ്ജയ് എം. കൗള്‍, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 


LATEST NEWS