ലോട്ടറിവകുപ്പില്‍ 50ലക്ഷം രൂപയോളം നഷ്ടം വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തതില്‍പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോട്ടറിവകുപ്പില്‍ 50ലക്ഷം രൂപയോളം നഷ്ടം വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തതില്‍പ്രതിഷേധം

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ലോട്ടറി വകുപ്പിന്‌ 50 ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിവെച്ച ലോട്ടറി അഡീഷനല്‍ ഡയറക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതില്‍ ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രതിഷേധം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ്‌ ഈ നടപടിയില്‍ നിന്നും ഈ ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടതെന്നാണ്‌ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്‌. 25.07.2013-ല്‍ പുളിമൂട്ടിലെ ജില്ലാ ലോട്ടറി ഓഫീസിലെ കമ്പ്യൂട്ടര്‍ തകരാറുമൂലം സര്‍ക്കാരിന്‌ നഷ്ടമായത്‌ ഏകദേശം 50 ലക്ഷം രൂപയോളം വരും. 24-ാം തീയതി നടന്ന ലോട്ടറി വില്‍പനയില്‍ 41 ലക്ഷം രൂപയുടെ വില്‍പനയുണ്ടായിരുന്നു.

കമ്പ്യൂട്ടര്‍ തകരാറിനെക്കുറിച്ചുള്ള പരാതി പലപ്രാവശ്യം അഡീഷണല്‍ ഡയറക്ടറെ അറിയിച്ചെങ്കിലും കമ്പ്യൂട്ടര്‍ നന്നാക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ ഈ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു പോയതെന്ന്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. ഈ ഉദ്യോഗസ്ഥന്‍ വരുന്നതിനു മുമ്പും ഇതുപോലുള്ള തകരാറുകള്‍ സംഭവിക്കുമ്പോള്‍ മറ്റു ഓഫീസുകളില്‍ നിന്നുള്ള ലാപ്‌ടോപ്പുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തനം നടത്തുമായിരുന്നു. എന്നാല്‍ കഴിഞ്ഞമാസം സംഭവിച്ച കമ്പ്യൂട്ടര്‍ തകരാര്‍ അഡീഷണല്‍ ഡയറക്ടറെ അറിയിച്ചെങ്കിലും യാതൊരു നടപടിയും  സ്വീകരിക്കാത്തതാണ്‌ അന്നേ ദിവസത്തെ ലോട്ടറി വില്‍പന തടസ്സപ്പെടാന്‍ കാരണം.

കാരുണ്യപ്രവര്‍ത്തനങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ലോട്ടറി വകുപ്പിനെ നശിപ്പിക്കാന്‍ ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്‌. സര്‍ക്കാര്‍ ഖജനാവിന്‌ ഉണ്ടാക്കിയ ലക്ഷങ്ങളുടെ നഷ്‌ടത്തിന്‌ സര്‍ക്കാര്‍ തലത്തിലുള്ള യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്നതാണ്‌ വാസ്‌തവം. ഈ ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള അഭിപ്രായം.

 


Loading...