സോഷ്യൽ മീഡിയയെ നിരീക്ഷിക്കാൻ പൊലീസിൽ പുതിയ സെൽ രൂപീകൃതമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോഷ്യൽ മീഡിയയെ നിരീക്ഷിക്കാൻ പൊലീസിൽ പുതിയ സെൽ രൂപീകൃതമായി

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങൾവഴിയുള്ള തെറ്റായ പ്രചാരണം നിരീക്ഷിക്കാൻ പൊലീസിൽ പുതിയ വിഭാഗം. കേരള പൊലീസ‌് സോഷ്യൽ മീഡിയ സെൽ(കെപിഎസ‌്എംസി) ആണ‌് നിലവിൽവന്നത‌്. തിരുവനന്തപുരം റേഞ്ച‌് ഐജി മനോജ‌് എബ്രഹാമിനാണ‌് സെല്ലിന്റെ ചുമതല. പൊലീസ‌് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ പി എസ‌് രാജശേഖൻ നിർദേശങ്ങൾ നൽകും.

ഫെയ‌്സ‌്ബുക്ക‌്, ട്വിറ്റർ തുടങ്ങിയവ വഴിയുള്ള ഊഹാപോഹങ്ങൾ, ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ എന്നിവ നിരീക്ഷിച്ച‌് സംസ്ഥാന പൊലീസ‌് മേധാവിക്ക‌് അപ്പപ്പോൾ വിവരം കൈമാറുകയാണ‌് പ്രധാന ലക്ഷ്യം. ഇതോടൊപ്പം പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങൾവഴി ജനങ്ങളെ അറിയിക്കുകയും ലക്ഷ്യമാണ‌്. 

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചാരണം വർധിക്കുന്നതിനിടെയാണ‌് പുതിയ നീരിക്ഷണസംവിധാനം ഏർപ്പെടുത്തുന്നത‌്. നിലവിൽ ഹൈടെക‌് സെൽ, സൈബർ പൊലീസ‌് സ‌്റ്റേഷൻ, സൈബർ സെൽ ‌എന്നിവയുണ്ടെങ്കിലും ലഭിക്കുന്ന പരാതികളിൽ അന്വേഷണവും നടപടിയെടുക്കലുമാണ‌് ചുമതല. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച‌് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകാൻ പുറത്തുനിന്നുള്ള സൈബർ വിദഗ‌്ധരടങ്ങിയ സൈബർഡോമും കേരള പൊലീസിനു കീഴിലുണ്ട‌്.

പൊലീസ‌് മേധാവിയുടെ നേരിട്ട‌് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൊലീസ‌് ആസ്ഥാനത്തെ ഡയറക്ടർ ജനറൽ കൺട്രോൾ റൂമിന്റെ ഭാഗമായാണ‌്സോഷ്യൽ മീഡിയ സെൽ പ്രവർത്തിക്കുക. ഇതിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ട പൊലീസുകാർക്ക‌് പ്രത്യേക പരിശീലനം നൽകി.

ഇവരുടെ നേതൃത്വത്തിൽ സെൽ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. പൊലീസിന്റെ ഔദ്യോഗിക ഫെയ‌്സ‌്ബുക്ക‌്, ട്വിറ്റർ, വാട‌്സ‌ാപ‌് തുടങ്ങിയവ ഇവരാകും കൈകാര്യം ചെയ്യുക. ഇതോടൊപ്പം സാമൂഹ്യമാധ്യമങ്ങളിൽവരുന്ന പോസ്റ്റുകൾ, ഷെയറുകൾ, കമന്റുകൾ എന്നിവയും നിരീക്ഷിക്കും. 

വ്യക്തിഹത്യ, അപവാദപ്രചാരണം, മതനിന്ദ, ദേശദ്രോഹം, സ‌്ത്രീകളെയും കുട്ടികളെയും അപമാനിക്കൽ, മറ്റുള്ളവരെ കുറ്റകൃത്യത്തിന‌് പ്രേരിപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളോ മറ്റോ കണ്ടാൽ ഉടൻ പൊലീസ‌് മേധാവികളെ വിവരം അറിയിക്കും. ഇതോടൊപ്പം സോഷ്യൽ മീഡിയ പേജുവഴിയും മുന്നറിയിപ്പ‌് നൽകും. സംവിധാനം വരുന്നതോടെ സോഷ്യൽ മീഡിയ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഒരുപരിധിവരെ തടയാനാകുമെന്ന‌് പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ പറഞ്ഞു. പൊലീസിന്റെ പ്രവർത്തനങ്ങൾ അപ്പപ്പോൾ കൂടുതൽ ജനങ്ങളിലെത്തിക്കാനും അവരുടെ പ്രതികരണം അറിയാനും സെൽവഴി സാധിക്കും.