രാജ്യത്തെതന്നെ ആദ്യ ബാലസൗഹൃദ പോലീസ് സ്റ്റേഷന് കേരളത്തില്‍ തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്തെതന്നെ ആദ്യ ബാലസൗഹൃദ പോലീസ് സ്റ്റേഷന് കേരളത്തില്‍ തുടക്കം

തിരുവനന്തപുരം: രാജ്യത്തെതന്നെ ആദ്യ ബാലസൗഹൃദ പോലീസ് സ്റ്റേഷന് തുടക്കം. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. കാര്‍ട്ടൂണ്‍കഥാപാത്രങ്ങള്‍ നിറഞ്ഞ ചുവരും ഊഞ്ഞാലും കളിയുപകരണങ്ങളുമായി ഒരു നഴ്സറി സ്കൂളിനെ ഓര്‍മിപ്പിക്കും വിധമാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഏതു മുഖമാണോ വേണ്ടത് ആ മുഖത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് ബാലസൗഹൃദ പോലീസ് സ്റ്റേഷനെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ മൃദുവായി പെരുമാറുകയും സൗഹാര്‍ദപരമായി ഇടപെടുകയും ചെയ്യുക എന്നതാണ് പൊതുജനം പോലീസില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അല്ലാതെയുള്ള പ്രവണതകള്‍ പോലീസുകാര്‍ ബോധപൂര്‍വം തന്നെ അവസാനിപ്പിക്കുകയാണ്. പോലീസ് സ്റ്റേഷന്‍ എന്നുകേള്‍ക്കുമ്ബോള്‍ എന്തുവികാരമാണോ ഉണ്ടാകേണ്ടത് അത് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബാലസൗഹൃദ പോലീസ് സ്റ്റേഷനുകള്‍. എന്നും മുഖ്യമന്ത്രി കൂടിചേര്‍ത്തു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 26 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ., പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി. ബി. സന്ധ്യ, ഐ.ജി. മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.