ആയിരം കോടി വാഗ്ദാനം ചെയ്തശേഷം ഫാക്ടിന് കിട്ടിയത് ആറ്‌ കോടി

കേരളത്തിലെ അഭിമാനമായ ഫാക്ട് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നീങ്ങുന്നു. ഫാക്ടിന്റെ 2600 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. പിന്നില്‍ റിയല്‍ എസ്റ്റേറ്റുകാര്‍.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയിരം കോടി വാഗ്ദാനം ചെയ്തശേഷം ഫാക്ടിന് കിട്ടിയത് ആറ്‌ കോടി

കൊച്ചി: കേരളത്തിന്റെ അഭിമാനമായ ഫാക്ടിനെ തകര്‍ക്കുന്ന ഡല്‍ഹി ഗോസായിയുടെ ഭരണം അരങ്ങു തകര്‍ക്കുന്നു. ഡല്‍ഹിയില്‍ നിന്നും വളഞ്ഞ വഴി കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിഎംഡിയായ ജയ്‌വീര്‍ ശ്രീവാസ്തവ ഫാക്ടിന്റെ 2600 ഏക്കര്‍ ഭൂമി വില്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഫാക്ടിനെ രക്ഷിക്കാന്‍ 1000കോടി രൂപയുടെ പാക്കേജ് എന്ന് പറഞ്ഞ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച ഇദ്ദേഹത്തിന്റെ കള്ളക്കളി കേന്ദ്രബജറ്റ് വന്നതോടെ തകര്‍ന്നിരിക്കുകയാണ്. ബജറ്റില്‍ ഫാക്ട് പുനരുദ്ധാരണത്തിന് വേണ്ടി കേവലം ആറുകോടിയാണ് നീക്കിയിരിപ്പ്. 1000 കോടി കിട്ടിയാല്‍ പോലും നഷ്ടത്തില്‍ നിന്നും കരകയറുമെന്ന പ്രതീക്ഷയില്ലാത്ത ഈ പൊതുമേഖലാസ്ഥാപനത്തിനാണ് ആറുകോടി രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ് ഫാക്ട് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. 
    
ചരിത്രം: 
    1940-കളില്‍ തിരുവിതാംകൂറില്‍ അനുഭവപ്പെട്ട രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമിയുടെ ഭാവനയില്‍ മഹാരാജാവ് ശ്രീചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മയുടെ അനുഗ്രഹത്തോടെ ഏലൂരില്‍ പെരിയാറിന്റെ തീരത്ത് ഇന്ത്യയിലെ ആദ്യത്തെ രാസവള വ്യവസായശാലയായ ഫാക്ടിന് തുടക്കം കുറിച്ചത്. പഴയ മദിരാശിയിലെ വ്യവസായിയായ ശേഷസായി ബ്രദേര്‍സിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1948-ല്‍ ഇന്ത്യയുടെ പ്രഥമരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ഫാക്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.  


    പുതിയ വ്യവസായം:
    പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി വന്നതോടെയാണ് ആലുവയിലെ ഏലൂര്‍മേഖല വ്യവസായമേഖലയായത്. ഇന്ത്യന്‍ അലുമിനിയം, ഫാക്ട് എന്നിവയാണ് ആദ്യമായി ഏലൂരില്‍ സ്ഥാപിതമായ വ്യവസായങ്ങള്‍. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി വന്നില്ലായിരുന്നെങ്കില്‍ ആലുവ പ്രദേശത്ത് വ്യവസായങ്ങള്‍ ഒന്നും വരില്ലായിരുന്നു. ഇന്നിപ്പോള്‍ കേരളത്തിന്റെ വ്യവസായ തലസ്ഥാനം ആണ് ആലുവ. വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അത് ഉപയോഗിക്കാന്‍ വ്യവസായങ്ങള്‍ ആവശ്യമാണ്. അക്കാലത്ത് തുണിമില്ലുകളും കല്‍ക്കരി ഖനികളുമല്ലാതെ പറയത്തക്ക വ്യവസായങ്ങളൊന്നും ഇന്ത്യയില്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് ശേഷസായിയെ പോലുള്ളവര്‍ വ്യവസായം തുടങ്ങാന്‍ രംഗത്ത് വന്നപ്പോള്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കിയത്. 
    ശേഷസായി എന്ന വ്യവസായി ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഫാക്ടിന് ജന്മം നല്‍കിയത്. പിന്നീട് ഫാക്ട് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. കേന്ദ്രരാസവള മന്ത്രാലയത്തിന്റെ കീഴിലാണ് ഫാക്ട്. ഒരു കാലത്ത് തിളക്കമാര്‍ന്ന ചരിത്രം ഈ സ്ഥാപനത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ഫാക്ടിന്റെ തലപ്പത്തേക്ക് കെട്ടിയിറക്കിയവര്‍ ദൂര്‍ത്തടിച്ചും അഴിമതി നടത്തിയും ഈ പൊതുമേഖലാസ്ഥാപനം നശിപ്പിച്ചു. ഇപ്പോഴും അത് തുടരുകയാണ്. അതുകൊണ്ടാണ് ഫാക്ട് കോടികളുടെ നഷ്ടത്തിന്റെ കണക്കുകളുമായി പ്രതിസന്ധിയിലായിട്ടുള്ളത്. 
    കേരളത്തിന്റെ വികാരമാണ് ഫാക്ട്. ഈ സ്ഥാപനത്തിന്റെ തലപ്പത്ത് വരുന്നവര്‍ (എംകെകെ നായര്‍ ഒഴികെ ആരും) ഫാക്ടിന്റെ ചരിത്രം അറിയാത്തവരാണ്. ഈ പൊതുമേഖലാസ്ഥാപനത്തെ നന്നാക്കലല്ല മറിച്ച് കറവപശുവാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഫാക്ടില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്തിന്റെയും അഴിമതിയുടെയും രാസവളപ്രയോഗം ആണ്. 
    ഇപ്പോഴത്തെ സിഎംഡിയായ ജയ്‌വീര്‍ ശ്രീവാസ്തവയുടെ ലക്ഷ്യം ഫാക്ടിന്റെ 2600 ഏക്കര്‍ ഭൂമി വില്‍ക്കലാണ്. 408 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി കിട്ടി കഴിഞ്ഞു. ഏലൂരില്‍ 700 ഏക്കറും അമ്പലമേട് 1600 ഏക്കറും എറണാകുളം നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ 300 ഏക്കര്‍ ഭൂമി ഫാക്ടിനുണ്ട്. ഈ ഭൂമി വില്‍ക്കലാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റുകരാണ്. 


                                                                       ജയ്‌വീര്‍ ശ്രീവാസ്തവ 

 കേരളത്തിന്റെ അഭിമാനമായ ഫാക്ട് നഷ്ടത്തില്‍ മുങ്ങി താഴാന്‍ പ്രധാനകാരണം ഭരണപരമായ പാളിച്ചകളും ധൂര്‍ത്തും അഴിമതിയുമാണ്. ഫാക്ടിനെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് വന്ന ജയ്‌വീര്‍ ശ്രീവാസ്തവ ഫാക്ടിനെ മുക്കിക്കൊണ്ടിരിക്കുകയാണ്. 2013 ഏപ്രില്‍ ഒന്നിനാണ് ഡല്‍ഹിക്കാരനായ ജയ്‌വീര്‍ ശ്രീവാസ്തവ ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടറായത്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് രാസവളം വകുപ്പ് മന്ത്രിയായിരുന്ന ഡിഎംകെ നേതാവ് അഴഗിരിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജയ്‌വീര്‍ സിഎംഡി ആയത്. ഫാക്ട് പോലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ സിഎംഡി ആവാന്‍ ഒരു യോഗ്യതയും ഇല്ല. അധികാരത്തിന്റെ ഇടനാഴിയിലെ സ്വാധീനമാണ് ജയ്‌വീറിനെ പോലുള്ളവരെ ഉന്നത പദവിയിലെത്തിക്കുന്നത്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നാണ് ഫാക്ട് പോലുള്ള വളരെ വിപുലമായ കെമിക്കലും പെട്രോ കെമിക്കലും എഞ്ചിനീയറിങ്ങ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുമുള്ള ഒരു രാസവ്യവസായശാലയുടെ മേധാവി ആയിരിക്കാന്‍ ജയ്‌വീര്‍ വന്നത് ദുരൂഹമാണ്. കേവലം സിവില്‍ എഞ്ചിനീയറിങ്ങ്  ബിരുദധാരി മാത്രമാണ് ഇദ്ദേഹം. ഫാക്ടില്‍ എത്തുന്നതിന് മുമ്പ് ജയ്‌വീര്‍ നാഷണല്‍ ബില്‍ഡിംങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഈ കമ്പനിയില്‍ ഇരുന്ന് കമ്പനിയെ കുളം കോരിയ മഹാനാണ് ജയ്‌വീര്‍ എന്ന ആക്ഷേപവുമുണ്ട്. റായ്പ്പൂര്‍ മേയര്‍ കിരണ്‍ മോയി നായികിന്റെ പരാതിയെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴിമതി കേസില്‍ ജയ്‌വീര്‍ ശ്രീവാസ്തവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അത്തരം മോശം ചരിത്രം ഉള്ള ആളാണ് ഫാക്ട് പോലുള്ള സ്ഥാപനത്തിന്റെ അമരത്ത് വിരാജിക്കുന്നത്.