കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് 15 പേര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിലെ ജയിലുകളില്‍ വധശിക്ഷ കാത്ത് 15 പേര്‍

കൊച്ചി: കേരളത്തിലെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തു കിടക്കുന്നവര്‍ 15 പേരാണ് . അക്കൂട്ടത്തില്‍ മലയാളികളല്ലാത്തവരും ഉണ്ട്. വധശിക്ഷ കോടതി വിധിച്ചാല്‍ മാത്രം പോര. അത് നടപ്പിലാക്കേണ്ടത് ജയിലുകളിലാണ്. അവിടെ ആരാച്ചാര്‍ ആണ് ശിക്ഷ നടപ്പാക്കേണ്ടത്.
നിയമാനുസൃതമായി വധശിക്ഷ നടപ്പാക്കുന്ന ആള്‍ക്കാരെയാണ് ആരാച്ചാര്‍ എന്ന് വിളിക്കുന്നത്. തൂക്കിലേറ്റപ്പെടുന്നവരുടെ മുഖം കറുത്ത തുണികൊണ്ട് മറയ്ക്കുന്നതും കഴുത്തില്‍ കയറിടുന്നതും തൂക്കിലിടുന്നതും ആരാച്ചാരുടെ ജോലിയാണ്.
സംസ്ഥാനത്തെ അവസാനത്തെ തൂക്കികൊല നടന്നത് 1991-ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. അന്ന് റിപ്പര്‍ ചന്ദ്രനെയായിരുന്നു തൂക്കിലേറ്റിയത്. വയനാട്ടില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന കേസില്‍ വാകിരി ബാലകൃഷ്ണന് ആയിരുന്നു വധശിക്ഷ കിട്ടിയത്. 91-നു ശേഷം കേരളത്തില്‍ ആരെയും തൂക്കി കൊന്നിട്ടില്ല. പൂജപ്പുരയിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണ് വധശിക്ഷ ലഭിച്ചവരെ പാര്‍പ്പിച്ചിട്ടുള്ളത്. പൂജപ്പുരയില്‍ എട്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴ് പേരുമാണ് വധശിക്ഷ കാത്തു കിടക്കുന്നത്. പൂജപ്പുരയില്‍ ആരാച്ചാര്‍ ഇല്ലാതായിട്ട് ദശാബ്ദങ്ങളായി. ഇവിടെ 1979-ല്‍ ആണ് അവസാനത്തെ വധശിക്ഷ നടന്നത്. 
തിരുവതാംകൂറിന്റെ ഭരണകാലത്ത് വളരെ ശക്തനായ ഉദ്യോഗസ്ഥനായിരുന്നു ആരാച്ചാര്‍. വട്ടിയൂര്‍കാവിലും ചാലയിലുമായിരുന്നു ആരാച്ചാര്‍ താമസിച്ചിരുന്നുത്. ആരാച്ചാരുടെ യാത്ര കറുത്ത വില്ലുവണ്ടിയില്‍ ഉടുക്കും കൊട്ടിയായിരുന്നു. യമരൂപന്റെ പ്രതിരൂപമായാണ് ആരാച്ചാരെ കണ്ടിരുന്നത്. 1944-ല്‍ നവംബര്‍ 11-ന് മഹാരാജാവ് ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ തിരുവതാംകൂറില്‍ വധശിക്ഷ നിര്‍ത്തലാക്കിയപ്പോള്‍ ആരാച്ചാര്‍ക്കു പണി നഷ്ടമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്ത് വധശിക്ഷ വീണ്ടും വന്നതോടെ ആരാച്ചാരുടെ തസ്തിക സൃഷ്ടിക്കപ്പെട്ടു. ഇപ്പോള്‍ ആരാച്ചാര്‍ ജയിലിലെ ഉദ്യോഗസ്ഥനല്ല. പ്രത്യേക തസ്തികയുമില്ല. 
ഇപ്പോള്‍ കേരളത്തിലെ വിവിധ ജയിലുകളില്‍ 15 പേരാണ് വധശിക്ഷ കാത്തു കിടക്കുന്നത്. ആലുവ കൂട്ടക്കൊല കേസിലെ ആന്റണി, സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമി, പുത്തന്‍വേലിക്കര ബേബിവധക്കേസിലെ റിപ്പര്‍ ജയാന്ദന്‍ എന്നിവരാണ് വധശിക്ഷ കിട്ടിയവരില്‍ പ്രമുഖര്‍. 
വധശിക്ഷ കിട്ടിയവരും ബ്രായ്ക്കറ്റില്‍ ശിക്ഷ വിധിച്ച കോടതിയും ചുവടെ.
റഷീദ് (എറണാകുളം സെഷന്‍സ് കോടതി), അബ്ദുള്‍ ഗഫൂര്‍, നാസര്‍(കല്‍പ്പറ്റ സെഷന്‍സ് കോടതി), ഉണ്ണി( ആലപ്പുഴ സെഷന്‍സ് കോടതി), അബ്ദുള്‍ നാസര്‍(മഞ്ചേരി സെഷന്‍സ് കോടതി), രാജേന്ദ്രന്‍ എന്ന ഡേവിഡ്(പ്രത്യേക കോടതി തൊടുപുഴ), കോട്ടയം ജില്ലയില്‍ കൈനെറ്റിക് റബ്ബേഴ്‌സ് ഉടമ ശ്രീധരനെയും ഭാര്യയെയും കൊന്ന ആസ്സാം സ്വദേശി പ്രദീപ് ബോറ(കോട്ടയം സെഷന്‍സ് കോടതി), പട്ടാമ്പിയില്‍ ആമയൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ റെജി കുമാര്‍(പാലക്കാട് സെഷന്‍സ് കോടതി), കായംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ  വിശ്വരാജന്‍(മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി), വെമ്പായത്ത് പെണ്‍കുട്ടിയെ വീട്ടില്‍ അധിക്രമിച്ച് കയറി കൊലപ്പെടുത്തിയ രാജേഷ് കുമാര്‍(തിരുവനന്തപുരം സെഷന്‍സ് കോടതി), മാവേലിക്കരയില്‍ രണ്ടുപേരെ കുത്തി കൊന്ന കേസിലെ സന്തോഷ് കുമാര്‍(മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി), ചിറയിന്‍കീഴ് സ്വദേശി ഷരീഫ്(തിരുവന്തപുരം സെഷന്‍സ് കോടതി) എന്നിവരാണ്. 
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം നടന്ന ആദ്യത്തെ തൂക്കികൊല മഹാത്മാഗന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം ഗോഡ്‌സെയെയായിരുന്നു. 1949-ല്‍ ആണ് അയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. 


LATEST NEWS