പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: കേരളത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യവും അപക്വതയും മൂലം പൊതുജനങ്ങള്‍ക്ക് ആകെ ഉപകാരപ്രദമായി മാറുന്ന ഒരു ജനകീയ പദ്ധതിയാണ് തകര്‍ക്കപ്പെടുന്നതെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആര്‍ദ്രം മിഷന്റെ ഭാഗമായി പഞ്ചായത്തുകളില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിക്കും പ്രത്യേക ശ്രദ്ധയോടെയുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ചതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. കെട്ടിലും മട്ടിലും പ്രവര്‍ത്തന രീതിയിലും ജനകീയ മാറ്റമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയയിടത്തെല്ലാം ലഭ്യമായത്. ഒരു ഡോക്ടര്‍ക്ക് പകരം 3 ഡോക്ടര്‍മാരേയാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചത്. മുമ്പ് അപൂര്‍വം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നോ നാലോ ഡോക്ടര്‍മാരുണ്ടായിരുന്നയിടത്ത് അതേപടി നിലനിര്‍ത്തുകയും ചെയ്തു.

ഒ.പി. സമയവും ഫീല്‍ഡ് വര്‍ക്കും എല്ലാം ചേര്‍ന്ന് ആഴ്ചയില്‍ 36 മണിക്കൂറാണ് ഒരാളുടെ പ്രവൃത്തിസമയം വരിക. നാട്ടില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും മഹാഭൂരിപക്ഷം ഡോക്ടര്‍മാരും സ്വമേധയാ തയ്യാറായിരുന്നു. എന്നാല്‍ സംഘടനയുടെ പേരില്‍ അധീശത്വം സ്ഥാപിക്കുന്നതിനും പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമോ എന്ന സംശയത്താലും ഈ ജനകീയ പദ്ധതിയെ പൊളിക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ആവശ്യ സര്‍വീസാണെന്ന ബോധ്യമില്ലാതെ, സമരത്തിനുള്ള നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന വ്യാപകമായി പാതിരാത്രിയില്‍ സമരം പ്രഖ്യാപിക്കാന്‍തക്കവണ്ണം എന്ത് സംഭവവാണ് ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ 4 ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ഉച്ചയ്ക്ക് ശേഷം ഒ.പി.യില്‍ ഇരിക്കാന്‍ തയ്യാറാകാതെ ധിക്കാരപരമായി ഒ.പി.യില്‍ ഇരിക്കില്ലെന്ന് എഴുതി ഒപ്പിട്ട് മാറി നിന്ന ഡോക്ടറെ സസ്‌പെന്റ് ചെയ്തതിന്റെ പേരിലാണ് അവരുടെ സമരം. ഈ തെറ്റ് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകാന്‍ തയ്യാറാകണം. പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്എന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.