ഉദ്ഘാടനത്തിനു മുമ്പേ  ലോകകപ്പ് ഫുട്‌ബോള്‍  ടിക്കറ്റ് വില്‍പ്പനയിലും  റെക്കോഡ് നേട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉദ്ഘാടനത്തിനു മുമ്പേ  ലോകകപ്പ് ഫുട്‌ബോള്‍  ടിക്കറ്റ് വില്‍പ്പനയിലും  റെക്കോഡ് നേട്ടം

കൊച്ചി:  അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് 24 ദിവസം കൂടി ശേഷിക്കെ ഉദ്ഘാടനദിവസത്തെ മത്സരങ്ങളുടെ ടിക്കറ്റ് വിറ്റുതീര്‍ന്നു. ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനു നടക്കുന്ന ബ്രസീല്‍-സ്‌പെയ്ന്‍ മത്സരത്തിന്റെയും രാത്രി എട്ടിന് നടക്കുന്ന കൊറിയനൈജര്‍ മത്സരത്തിന്റെയും ടിക്കറ്റാണ് വിറ്റുതീര്‍ന്നത്. 28ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനല്‍മത്സരത്തിന്റെ ടിക്കറ്റും വിറ്റുതീര്‍ന്നു.

ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ രണ്ടുഘട്ടത്തിലും വില്‍പ്പനയ്‌ക്കെത്തിയ മുഴുവന്‍ ടിക്കറ്റും വിറ്റ് കൊല്‍ക്കത്തയ്‌ക്കൊപ്പം കൊച്ചിയും റെക്കോഡിട്ടിരുന്നു. ഒക്ടോബര്‍ അഞ്ചുവരെയുള്ള മൂന്നാംഘട്ട വില്‍പ്പനയിലും റെക്കോഡ് നേട്ടമാണ് സംഘാടകര്‍ കൊച്ചിയില്‍ പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനത്തലേന്നുവരെ 25 ശതമാനം ഇളവോടെ മൂന്നാംഘട്ടത്തിലെ ടിക്കറ്റുകള്‍ ലഭിക്കും. 60, 150, 300 രൂപ ടിക്കറ്റുകളാണ് കൊച്ചിയില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്.

10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌പെയ്ന്‍-നൈജര്‍, രാത്രി എട്ടിന് നടക്കുന്ന കൊറിയ-ബ്രസീല്‍ മത്സരങ്ങള്‍ക്കുപുറമെ 13ന് വൈകിട്ട് നടക്കുന്ന ഗ്വിനിയ-ജര്‍മനി, രാത്രി നടക്കുന്ന സ്‌പെയ്ന്‍-കൊറിയ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൊച്ചിയില്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. 18ന് നടക്കുന്ന പ്രീക്വാര്‍ട്ടറിന്റെയും 22ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തിന്റെയും കുറച്ചു ടിക്കറ്റുകളും ശേഷിക്കുന്നുണ്ട്.

ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യതാ മത്സരം, ഗ്രൂപ്പ് സിയിലെ ഒരു യോഗ്യതാ മത്സരം, ഓരോ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ എന്നിങ്ങനെ ആകെ എട്ടു മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുന്നത്.

അതേസമയം അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനു മുന്നോടിയായി ഇന്ത്യ രണ്ട് പരിശീലനമത്സരങ്ങള്‍ കളിക്കും. ഗോവയിലാകും ഈ മത്സരങ്ങള്‍. മലേഷ്യയോടോ സിംഗപ്പുരിനോടോ ആയിരിക്കും ആദ്യകളി. രണ്ടാമത്തെ മത്സരം മാലിയോടോ ദക്ഷിണാഫ്രിക്കയോടോ ആയിരിക്കും. 25ന് ടീം ഡല്‍ഹിയിലെത്തും. അമേരിക്കയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൊളംബിയയും ഘാനയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.


LATEST NEWS