കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി :  5 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി :  5 പേര്‍ മരിച്ചു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്.  ഉണ്ണികൃഷ്ണന്‍,  കണ്ണന്‍ എം.വി,  ജയന്‍ കെ. ബി,  റംഷാദ് എം. എം,  ഗെവിന്‍ റജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ എന്ന ഒഎൻജിസി കപ്പലിൽ ഇന്നു രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ പത്തിനു ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് തൊഴിലാളികൾ പോകുന്നതിനു തൊട്ടുമുൻപായിരുന്നു അപകടം. കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍  എൻ.പി.ദിനേശ്  അറിയിച്ചു. കപ്പലിനുള്ളില്‍  ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു. കപ്പൽശാലയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കമ്മീഷണർ അറിയിച്ചു.  എന്നാൽ പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.

നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.  കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് നാലു മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരെ തിരിച്ചറിയാൻ സാധിക്കാത്ത വിധം പൂർണമായും പൊള്ളലേറ്റ നിലയിലാണു മൃതദേഹങ്ങൾ.

രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും എത്തിക്കാനായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അധികൃതരും രംഗത്തുണ്ട്.തൊഴിലാളികളുടെ മരണത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. കപ്പൽശാല സിഎംഡിയുമായി ഗഡ്കരി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊർജിത രക്ഷാപ്രവർത്തനത്തിനും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സയ്ക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.


LATEST NEWS