കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധം

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി.   ട്രിനിറ്റി സ്‌കൂളിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. 

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയത്. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല.

കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടാവുന്നത്. സ്‌കൂളിന്റെ അനാസ്ഥയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് ആദ്യ ഘട്ട പ്രതിഷേധ പ്രകടനം നടത്തി. എസ്എഫ്‌ഐ യുടേയും എബിവിപിയുടേയും പ്രവര്‍ത്തകര്‍ ഇപ്പോള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയാണ്. പ്രകടനം പൊലീസ് തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് പൊലീസ് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ്ജ് പ്രയോഗിച്ചത് കൂടുതല്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയാണ്. സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് ചികിത്സയിലായിരുന്ന ഗൗരി എന്ന പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ജീവന്‍ നില നിര്‍ത്തിയിരുന്നത് സ്‌കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.

ഇതേസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസില്‍ സംസാരിച്ചതിന് ക്രെസന്റ് എന്ന അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇത് വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ സമാന സംഭവം പിന്നീടുമുണ്ടായതോടെ അനിയത്തി ചേച്ചിയെ വിവരമറിയിച്ചു.

കുട്ടികള്‍ കളിയാക്കിയത് ചോദ്യംചെയ്യാനെത്തിയ പെണ്‍കുട്ടിയും അനിയത്തിയും, മറ്റുകുട്ടികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതേക്കുറിച്ച് അധ്യാപികമാര്‍ വിളിച്ച് വിവരം അന്വേഷിക്കുകയുമായിരുന്നു. അധ്യാപികമാര്‍ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പൊലീസിന് മൊഴി നല്‍കിയത്.

കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. ഉച്ചയോടെ മൃതദേഹം കൊല്ലത്തെത്തിക്കും.


LATEST NEWS