സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് ജോളിയുടെ മൊഴി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് ജോളിയുടെ മൊഴി

കോഴിക്കോട്: കൂടത്തായിയില്‍ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന്‍ മുഖ്യപ്രതി ജോളിയുടെ നിര്‍ണായക മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു.

എന്നാല്‍, ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു. സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.  

മരണസമയത്ത് സിലി ധരിച്ചിരുന്ന സ്വര്‍ണവും സിലിയുടെ കൈവശം നേരത്തെയുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് ബന്ധുക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയില്‍ കൊണ്ടുപോയി ഭണ്ഡാരത്തിലിട്ടിരുന്നു എന്നാണ് ഭര്‍ത്താവ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് നേരത്തെ പറ‌ഞ്ഞിരുന്നത്. അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു പറ‌ഞ്ഞിരുന്നു. 

സിലിയുടെ അനുജത്തിയുടെ ഒരു പവന്റെ വള സിലിയുടെ കൈവശമുണ്ടായിരുന്നു. ഈ വള സിലി ഒരു കാരണവശാലും ഭണ്ഡാരത്തില്‍ ഇടില്ലെന്ന് അമ്മ ഷാജുവിനോട് പറഞ്ഞു. ഇത് പ്രശ്‌നമായതിനെ തുടര്‍ന്ന് കുറച്ച്‌ നാളുകള്‍ക്ക് ശേഷം ഷാജുവും ജോളിയും ഒരു പവന്റെ പുതിയ വള വാങ്ങി സിലിയുടെ സഹോദരനെ ഏല്‍പ്പിച്ചു.

ആഭരണങ്ങളൊന്നും കൈവശമില്ലെന്ന ഷാജുവിന്‍റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ ഇപ്പോഴത്തെ മൊഴി.