കൊച്ചിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസ് എടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസ് എടുത്തു

കൊച്ചി : എറണാകുളം പനമ്പള്ളി നഗറില്‍ നടുറോഡില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസ് എടുത്തു. സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 7.15 ഓടെ പനമ്പള്ളി നഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടിയാണ് അക്രമത്തിന് ഇരയായത്. ക്ലാസ് കഴിഞ്ഞ് പെണ്‍സുഹൃത്തിനൊപ്പം നടന്നു വീട്ടിലേക്ക് പോകും വഴിയാണ് സംഭവം നടന്നത്.
മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ യുവാവ് റോഡിലൂടെ നടന്നു വന്ന പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്ടെന്ന് പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടികൂടിയതോടെ ഉടന്‍ തന്നെ യുവാവ് രക്ഷപെട്ടു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ പ്രാഥമിക ശ്രുശ്രൂഷയ്ക്ക് ശേഷം പെണ്‍കുട്ടി ആശുപത്രി വിട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി സംഭവം നടന്ന രാത്രി തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രേമനൈരാശ്യമാകാം ആക്രമണത്തിന് കാരണെമന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനമെങ്കിലും പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നുളള നിലപാടിലാണ് പെണ്‍കുട്ടിയുടെ മൊഴി. തൃക്കാക്കര എസി.പി സ്റ്റുവര്‍ട്ട് കീലറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവാവിനെ തിരിച്ചറിയുവാനായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. അതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.