വഞ്ചിയൂര്‍ കോടതിയില്‍ അസാധാരണ സംഭവവികാസങ്ങള്‍; ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വഞ്ചിയൂര്‍ കോടതിയില്‍ അസാധാരണ സംഭവവികാസങ്ങള്‍; ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു

തിരുവനന്തപുരം: തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ അതിനാടകീയവും അസാധാരണവുമായ സംഭവവികാസങ്ങള്‍. ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റ കേസുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍. കേസില്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കാനെത്തിയ സ്ത്രീ ഇന്ന് കോടതിയില്‍ ഹാജരാവരുതെന്ന് തന്നെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായി പറഞ്ഞു. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാമ്യം മജിസ്ട്രേറ്റ് ദീപ മോഹന്‍ റദ്ദാക്കുകയും ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അസോസിയേഷന്‍ ഭാരവാഹികളായ അഭിഭാഷകരുടെ നേതൃത്വത്തില്‍ മജിസ്ട്രേറ്റിന്‍റെ മുറിക്ക് മുന്നിലെത്തിയ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ജഡ്ജിയെ കോടതി മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഇതിനിടെ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായി എന്നാണ് വിവരം. 

പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവർ മണിയുടെ ജാമ്യമാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്. മണി ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായിരുന്ന സ്ത്രീയാണ് ഭീക്ഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയത്. തന്നെ മുറിയിലിട്ട് പൂട്ടിയ വിവരം ജഡ്ജി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചതായാണ് വിവരം. രണ്ട് വര്‍ഷം മുന്‍പ് വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമങ്ങളും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയ ശേഷം ഇവിടെ മാധ്യമങ്ങള്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട്. അതിനാല്‍ തന്നെ പ്രതിഷേധത്തിന്‍റെ ചിത്രങ്ങളോ വീഡിയോയോ ലഭ്യമല്ല. 

അതേസമയം സംഭവത്തില്‍ മജിസ്ട്രേറ്റ് ദീപ മോഹനെതിരെ വിമര്‍ശനവുമായി വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെപി ജയചന്ദ്രന്‍ രംഗത്തു വന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മജിസ്ട്രേറ്റ് ദീപ മോഹനനെതിരെ നേരത്തെ തന്നെ പലവട്ടം പരാതികള്‍ ഉയര്‍ന്നതാണെന്നും ചട്ടവിരുദ്ധമായ നടപടികളാണ് ദീപയുടെ ഭാഗത്ത് നിന്നും പലതവണ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.