മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തേഞ്ഞിപ്പലം: മലപ്പുറം ദേശീയ പാതയില്‍  പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. അപകട സമയത്ത് തന്നെ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു. സംഭവസ്ഥലത്തിന് അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ താത്കാലികമായി അവിടെ നിന്ന് മാറ്റി. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

അപകടം നടന്നയുടന്‍ തന്നെ ആളുകളോട് സ്ഥലത്ത് നിന്ന് മാറാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് വീടുകളില്‍ എല്‍പിജി  അടുപ്പുകള്‍ കത്തിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. 

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ വാതകചോര്‍ച്ച അടയ്ക്കാനായി മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങി. 


LATEST NEWS