മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്നും നാല് ലക്ഷം രൂപ കവര്‍ന്നു; സഹായം തേടിയ ആളാണ് മോഷണം നടത്തിയത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്നും നാല് ലക്ഷം രൂപ കവര്‍ന്നു; സഹായം തേടിയ ആളാണ് മോഷണം നടത്തിയത്

തിരൂര്‍: മലപ്പുറത്ത് പോസ്റ്റ് ഓഫിസില്‍ നിന്നും നാല് ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. മോഷ്ടാവ് ഓഫിസിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന നാല് ലക്ഷം കവര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസിലാണ് മോഷണം നടന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് മോഷണം നടന്നത്.

ആര്‍ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450രൂപയില്‍ നിന്ന് നാല് ലക്ഷമാണ് നഷ്ടമായത്. നാവ് പുറത്തേക്കിട്ട് സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിച്ച് സഹായം തേടിയ ആളാണ് മോഷണം നടത്തിയത്. 20 രൂപ എഴുതിക്കോളൂ എന്ന് പറഞ്ഞ് പണമെടുക്കാന്‍ പോസ്റ്റ്മാസ്റ്റര്‍ മുറിയിലെ ബാഗിനടുത്തേക്ക് പോയപ്പോള്‍ ഇയാളും കൂടെ ചെന്നു. ബാഗില്‍ നിന്ന് പണമെടുത്ത് നല്‍കുന്നതിനിടെ പൊടുന്നനെ ഇയാള്‍ ഓടി മറയുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. 

തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരൂര്‍ പോസ്റ്റല്‍ അസി. സൂപ്രണ്ട് ജലജയുടെ നേതൃത്വത്തില്‍ തപാല്‍ വകുപ്പും അന്വേഷണം തുടങ്ങി. സി.സിടി.വിയില്‍ കവര്‍ച്ചക്കാരന്‍ പോസ്റ്റ് ഓഫിസിലേക്ക് കയറുന്നതും ഓടി മറയുന്നതും പതിഞ്ഞിട്ടുണ്ട്.