​അമ്മയെ പടിക്ക് പുറത്താക്കി പിണ്ഡം വച്ചിരിക്കുന്നു

Maya Devi V.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​അമ്മയെ പടിക്ക് പുറത്താക്കി പിണ്ഡം വച്ചിരിക്കുന്നു

ശ്രേഷ്ഠതയ്ക്ക് വേണ്ടി എന്തായിരുന്നു ഇവിടെ മുറവിളികള്‍. ഒടുവില്‍ ശ്രേഷ്ഠമാക്കി സ്വീകരണമുറിയില്‍ പ്രതിഷ്ഠിച്ചു. പിന്നെയും ഇതാ അടുക്കളപ്പുറത്തേക്ക് തളളിയിരിക്കുന്നു - അമ്മ മലയാളത്തെ. തമിഴനും തെലുങ്കനും എങ്ങനെയാണ് മാതൃഭാഷയെ സ്‌നേഹിക്കുന്നതെന്ന് കണ്ട് പഠിക്കണം നമ്മള്‍. മലയാളം പഠിച്ച് പോയതിനാല്‍ മാത്രം തൊഴില്‍ നഷ്ടപ്പെട്ട ഒറധ്യാപികയെക്കുറിച്ച് നാം കഴിഞ്ഞ നാളുകളില്‍ തമിഴ്‌നാട്ടില്‍ നിന്നൊരു വാര്‍ത്ത വായിച്ചിരുന്നു. ഇതൊന്നും നമ്മുടെ ഭരണക്കാര്‍ കാണുന്നില്ലേ?

  അത്രയൊന്നുമില്ലെങ്കിലും തങ്ങളെ സമീപിക്കുന്ന സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാനെങ്കിലും മലയാളം അറിഞ്ഞിരിക്കണ്ടതില്ലേ നമ്മുടെ ഉദ്യോഗസ്ഥ ദുഷ്പ്രഭൃതികള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കേവലം വാല്യക്കാര്‍ മാത്രമാണെന്ന ബോധമില്ലാത്ത ഉദ്യോഗസ്ഥ പരിഷകള്‍ക്ക് മലയാളം മനസിലാകുകയെങ്കിലും വേണ്ടേ.

  സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മലയാളം അറിയണം എന്ന ഉത്തരവ് മറ്റൊരുത്തരവിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു. ന്യൂനപക്ഷങ്ങളെ സഹായിക്കാനാണേ്രത ഇത്. ന്യൂനപക്ഷങ്ങളെന്ന് നിങ്ങള്‍ ചൂണ്ടിക്കാട്ടുന്നവര്‍ മലയാളം പഠിച്ചാല്‍ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ? നമ്മുടെ നാട്ടിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അന്യസംസ്ഥാനക്കാര്‍ മലയാളം പഠിക്കുന്നില്ലേ. അവര്‍ നമ്മളേക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നുമില്ലേ. അതുകൊണ്ട് അവരുടെ മാതൃഭാഷയെ അവര്‍ തളളിക്കളയുന്നില്ലല്ലോ. ഐഎഎസ് കേഡറിന് താഴെ വരുന്ന മറ്റുളളവര്‍ക്കും അപ്പോള്‍ ഇത് ബാധകമാക്കുന്നത് കൊണ്ട് എന്ത് കുഴപ്പമാണ് സംഭവിക്കുക. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത്.

  ശ്രേഷ്ഠമാക്കാന്‍ കോലാഹലങ്ങളുയര്‍ത്തിയവര്‍ ഈ വാര്‍ത്ത കണ്ടില്ലെന്നുണ്ടോ. അവരൊക്കെ എവിടെപ്പോയി. ശ്രേഷ്ഠമാക്കാന്‍ നിരാഹം വരെ കിടക്കാന്‍ തയറായവര്‍ അമ്മയോട് ചെയ്ത ഈ ക്രൂരകൃത്യത്തിന് നേരെ കണ്ണടയ്ക്കുകയാണോ?


LATEST NEWS