സമരം അവസാനിപ്പിക്കണം, ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഡോക്ടർമാരോട് മമത ബാനര്‍ജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമരം അവസാനിപ്പിക്കണം, ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഡോക്ടർമാരോട് മമത ബാനര്‍ജി


കൊൽക്കത്ത: പശ്ചിമബംഗാളില്‍ തുടരുന്ന ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നും മമതാ  കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽപറഞ്ഞു. 

അതേസമയം, ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് റിപ്പോ‍ർട്ട് തേടിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വ‍ർധൻ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് മതിയായ സുരക്ഷ നൽകണമെന്നും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെയുണ്ടായ അതിക്രമങ്ങളിൽ കർശന നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മമത ബാനർജി ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർക്കാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്നാണ് ജൂണ്‍ 10 ന് ബന്ധുക്കള്‍ റസിഡന്‍റ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഇതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാണ് ദില്ലി എയിംസിലെ റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങും എന്നും എയിംസ് ആര്‍ഡിഎ അറിയിച്ചിരുന്നു. 

റസിഡന്‍റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 300 ലേറെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജി വച്ചത്.