മഞ്ചു വാര്യർ രാഷ്ട്രീയത്തിലേയ്ക്കോ?? എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഞ്ചു വാര്യർ രാഷ്ട്രീയത്തിലേയ്ക്കോ?? എറണാകുളത്ത് സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

കൊച്ചി: ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തേക്ക് എത്തിയതിന് പിന്നാലെ മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് വാർത്തകൾ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടി മഞ്ജുവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം എന്ന് റിപ്പോർട്ടുകൾ.

എറണാകുളത്ത് മഞ്ജുവിനെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി നേതാക്കൾക്കിടയിൽ ചർച്ച ചെയ്തുവെന്നും അതിനായുള്ള ശ്രമത്തിലാണിവർ എന്നുമാണ് ലഭിക്കുന്ന സൂചനകൾ. പൊതുവെ കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. എറണാകുളം ലോകസഭാ മണ്ഡലത്തില്‍ കഴിഞ്ഞ അവസാന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന്റെ കെവി തോമസിനാണ് വിജയം. 2004ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചതാണ് ഇടതുപക്ഷത്തിന്റെ അവസാന ജയം. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം തിരിച്ച് പിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമങ്ങള്‍.

മഞ്ജു വാര്യര്‍ക്ക് പൊതുസമൂഹത്തിലുള്ള സ്വീകാര്യത തെരഞ്ഞെടുപ്പില്‍ ഗുണകരമാകും എന്നാണത്രെ സിപിഎം വിലയിരുത്തുന്നത്. മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ പലതവണ അനൗപചാരിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.

നേരത്തെ ഓഖി ദുരിതബാധിതരെ കാണാന്‍ മഞ്ജു വാര്യര്‍ തീരദേശത്തേക്ക് എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ജു വാര്യര്‍ 5 ലക്ഷം രൂപ സംഭാവനയായും നല്‍കുകയുണ്ടായി.
എന്നാൽ, താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് അടുത്തിടെ മഞ്ജു വ്യക്തമാക്കിയിരുന്നു.


LATEST NEWS