ചരിത്ര പ്രസിദ്ധമായ മട്ടാഞ്ചേരി സിനഗോഗ് തകര്‍ന്നു വീണു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരിത്ര പ്രസിദ്ധമായ മട്ടാഞ്ചേരി സിനഗോഗ് തകര്‍ന്നു വീണു

കൊച്ചി: ചരിത്ര പ്രസിദ്ധമായ മട്ടാഞ്ചേരി സിനഗോഗ് തകര്‍ന്നു വീണു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് മഴയില്‍ തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ മുന്‍ ഭാഗമാണ് പൊളിഞ്ഞത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കാലങ്ങളായി ഇവിടെ പ്രാര്‍ത്ഥനകളൊന്നും നടന്നിരുന്നില്ല. ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവര്‍ക്ക് ആരാധന നടത്താനായി പ്രത്യേകം സ്ഥാപിച്ച പള്ളിയായിരുന്നു ഇത്. എന്നാല്‍ കാലങ്ങളായി ഇത് ആരും ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു.

പരദേശി ജൂതപ്പള്ളിയെന്നറിയപ്പെടുന്ന മട്ടാഞ്ചേരി ജ്യൂടൗണിലെ പ്രശസ്തമായ ജൂതപ്പള്ളിയില്‍ കറുത്ത ജൂതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് മരക്കടവില്‍ കറുത്ത ജൂതര്‍ വേറെ പള്ളി നിര്‍മ്മിച്ചത്.

1948 ല്‍ ഇസ്രായേല്‍ രൂപീകരണത്തോടെ കൊച്ചിയിലെ ജൂതന്‍മാര്‍ ഏറെയും വാഗ്ദത്ത ഭൂമിയിലേക്ക് കുടിയേറി. അതോടെ കടേഭാഗം പള്ളിയെന്നറിയപ്പെടുന്ന കറുത്ത ജൂതരുടെ പള്ളിയിലെ പ്രാര്‍ത്ഥനകള്‍ നിലച്ചു. ഇതിനിടെ പള്ളി അള്‍ത്താരകളും അലങ്കാരങ്ങളും ചിലര്‍ കടത്തിക്കൊണ്ടു പോയി. അവശേഷിക്കുന്നവ ഇസ്രയേലിലേക്ക് കൊണ്ടുപോയി പുനര്‍നിര്‍മ്മിച്ച്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പിന്നീട് പള്ളിയുടെ കൈവശാവകാശം ഗുജറാത്തി വ്യാപാരി​യുടെ കൈകളി​ലെത്തി​. കുറേക്കാലത്തിന് ശേഷം ഇത് ഗോഡൗണായി​. മുന്‍വശം പൊളി​ച്ച്‌ ഷട്ടറി​ട്ടു. ഗുജറാത്തി​ വ്യാപാരി​ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ തന്റെ ജീവനക്കാരി​യായി​രുന്ന ക്രി​സ്ത്യന്‍ വനി​തയ്ക്ക് കൈമാറി​. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പള്ളി​ കെട്ടി​ടം വി​ല്‍ക്കാന്‍ ശ്രമം നടന്നു. മൂന്ന് വര്‍ഷം മുന്‍പ് പള്ളി മറിച്ച്‌ വില്‍ക്കാന്‍ ശ്രമിച്ചതും തര്‍ക്കങ്ങളും വഴക്കില്‍ കലാശിച്ചു. പിന്നീട് പള്ളി പൊലീസ് സംരക്ഷണത്തിലായിരുന്നു.