രണ്ട് സർക്കാർ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 12 മെഡിക്കൽ കോളേജുകൾക്ക് പ്രവേശനവിലക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ട് സർക്കാർ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 12 മെഡിക്കൽ കോളേജുകൾക്ക് പ്രവേശനവിലക്ക്

രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 12 മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വര്‍ഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ പ്രവേശനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാര്‍ശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. തമിഴ്‌നാട്ടിലെ എട്ടും കര്‍ണാടകയിലെ പതിനേഴും മെഡിക്കല്‍ കോളേജുകളുടെയും പ്രവേശനാനുമതി റദ്ധാക്കിയിട്ടുണ്ട്. 

ഇതുള്‍പ്പെടെ രാജ്യത്തെ 19,430 മെഡിക്കല്‍ സീറ്റുകളിലെ ഇക്കൊല്ലത്തെ പ്രവേശനം വിലക്കിയിട്ടുണ്ട്. നിലവിലെ 82-ഉം പുതുതായി ആരംഭിച്ച 68-ഉം കോളേജുകളിലായാണ് ഇത്രയും സീറ്റുകള്‍ ഉള്ളത്. 68 പുതിയ കോളേജുകളില്‍ 31 എണ്ണവും സര്‍ക്കാരിന്റേതാണ്. സീറ്റുവര്‍ധനയ്ക്ക് അനുമതി തേടിയ ഒന്‍പത് കോളേജുകള്‍ക്കും അനുമതിയില്ല.

എം.സി.ഐ.യുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പുതിയ കോളേജുകള്‍ക്ക് വിലക്ക്. സംസ്ഥാനത്തെ നിലവിലുള്ള ഒന്‍പത് മെഡിക്കല്‍ കോളേജുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതിനെ തുടര്‍ന്നാണ് പ്രവേശനം തടഞ്ഞത്. മെഡിക്കല്‍ കോളേജിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെയാണ് നൂറും നൂറ്റമ്പതും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു.

കേരളത്തിൽ ആദ്യ ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ അനുമതി തേടിയ മൂന്നെണ്ണത്തിനും നിലവിലുള്ള ഒന്‍പത് കോളേജുകള്‍ക്കുമാണ് തീരുമാനം തിരിച്ചടിയായത്. ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നൂറുവീതം സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 1,600-ഓളം മെഡിക്കല്‍ സീറ്റുകളില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നടത്താനാകില്ല.

പാലക്കാട് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ കോളേജുകള്‍ അനുമതിക്കായി നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. തടസ്സം നീങ്ങിയാലേ ഈ കോളേജുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്താനാകൂ.

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഇക്കുറി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അതും ആരോഗ്യമന്ത്രാലയം നിഷേധിച്ചു. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലും അനുമതി കിട്ടാനിടയില്ലാത്തതിനാലും അടുത്ത അധ്യയനവര്‍ഷം ക്ലാസ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സ് ഉള്‍പ്പെടെ രാജ്യത്ത് 30 മെഡിക്കല്‍ കോളേജുകളിലെ പി.ജി. (സൂപ്പര്‍ സ്പെഷ്യാലിറ്റി) കോഴ്സുകള്‍ക്കും കൗണ്‍സില്‍ അനുമതി നിഷേധിച്ചു. 2022-നകം രാജ്യത്ത് 24 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതി നല്‍കിയിരുന്നു.

കേരളത്തിൽ വിലക്ക് നേരിട്ട നിലവിലുള്ള കോളേജ് - സീറ്റുകള്‍
ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട് 100
കെ.എം.സി.ടി., കോഴിക്കോട് 150
എസ്.ആര്‍. മെഡിക്കല്‍ കോളേജ്, വര്‍ക്കല 100
പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് 150
മൗണ്ട് സിയോന്‍, പത്തനംതിട്ട 100
കേരള മെഡിക്കല്‍ കോളേജ്, പാലക്കാട് 150
അല്‍ അസര്‍, തൊടുപുഴ 150
ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍, തിരുവനന്തപുരം 100-150
ഡി.എം. വയനാട് 150


പുതിയ കോളേജ് സീറ്റുകള്‍
ഗവ. മെഡിക്കല്‍ കോളേജ്, ഇടുക്കി 100
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് 150
ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍, പത്തനംതിട്ട 150


വിലക്ക് ദേശീയതലത്തില്‍
നിലവിലെ സര്‍ക്കാര്‍ കോളേജുകള്‍ 12
സ്വകാര്യ കോളേജുകള്‍ 70
ആകെ സീറ്റുകള്‍ 10,430
പുതിയ സര്‍ക്കാര്‍ കോളേജുകള്‍ 31
സ്വകാര്യ കോളേജുകള്‍ 37
ആകെ സീറ്റുകള്‍ 9,000


സീറ്റുവര്‍ധന നിഷേധിച്ചത്
സര്‍ക്കാര്‍ കോളേജുകള്‍ 4
സ്വകാര്യ കോളേജുകള്‍ 5
ആകെ സീറ്റുകള്‍ 650