ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം തന്നെ മരണകാരണം; മധുവിന്റെ മരണം ആന്തരിക രക്തസ്രാവം മൂലം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം തന്നെ മരണകാരണം; മധുവിന്റെ മരണം ആന്തരിക രക്തസ്രാവം മൂലം

അട്ടപ്പാടി: ആള്‍ക്കൂട്ട മര്‍ദനം മൂലം തന്നെയാണ് ആദിവാസി യുവാവ് മധു മരണപ്പെട്ടതെന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു. തലയ്ക്ക് ശക്തമായ അടിയേറ്റിട്ടുണ്ട് ഇത് ഗുരുതര പരിക്കേല്‍ക്കാന്‍ കാരണമായി.മര്‍ദനത്തില്‍ മധുവിന്റെ വാരിയെല്ലും തകര്‍ന്നിട്ടുണ്ട്. നെഞ്ചിലും ചവിട്ട് ഏറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


 സംഭവം കൊലക്കുറ്റമാണെന്ന്‌ തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകള്‍ ചുമത്തി കേസന്വേഷിക്കമെന്ന്‌ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.എം.ആര്‍ ആജിത്കുമാര്‍ അറിയിച്ചു. മാത്രമല്ല എസ്.സി എസ്.ടി ആക്ടും ചേര്‍ത്ത് കേസെടുക്കും.

വെള്ളിയാഴ്ച നാല് മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച മധുവിന്റെ മൃതദേഹത്തില്‍ ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.സംഭവത്തില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ കൂടി കിട്ടാനുണ്ട്. മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.