മഴക്കെടുതി: കേരളത്തിന്‌ അടിയന്തര ധനസഹായമായി തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി നല്‍കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴക്കെടുതി: കേരളത്തിന്‌ അടിയന്തര ധനസഹായമായി തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി നല്‍കും

ചെന്നൈ: കേരളത്തിലെ മഴക്കെടുതി നേരിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു. 

കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങള്‍ ച‌ര്‍ച്ച ചെയ്‌തിട്ടുണ്ട്. ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

അതേസമയം, മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് മണിക്കാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണുന്നത്. 

ദിവസങ്ങളായി തുടരുന്ന മഴയില്‍ ഇന്ന് മാത്രം കേരളത്തില്‍ 26 പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കേരളത്തിലെ 22 അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഇതുവരെ ഉയര്‍ത്തിയത്.