മഴ കനക്കുന്നു; കോഴിക്കോട് ഉരുൾ പൊട്ടൽ; വയനാട് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴ കനക്കുന്നു; കോഴിക്കോട് ഉരുൾ പൊട്ടൽ; വയനാട് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്ക്

കേരളത്തിൽ നാശം വിതച്ച് കൊണ്ട് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് വിവിധ ഇടങ്ങളിൽ ഉരുൾ പൊട്ടി. പുല്ലൂരാംപാറയില്‍ ജോയ് റോഡിലും താമരശേരി കരിഞ്ചോലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. ഒഴുക്കില്‍പ്പെട്ട കുടംബത്തെ രക്ഷപ്പെടുത്തി. ആളപായമില്ല.

അതേസമയം വയനാട് വൈത്തിരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തളിപ്പുഴ സ്വദേശികളായ അസീസ്, ഭാര്യ ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കോട്ടയം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എറണാകുളം ജില്ലാ കലക്ടറും ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടറും അവധി പ്രഖ്യാപിച്ചു.