വിശപ്പകറ്റാന്‍ മണ്ണു വാരി തിന്ന് മകന്‍; നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി ഒരമ്മ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശപ്പകറ്റാന്‍ മണ്ണു വാരി തിന്ന് മകന്‍; നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി ഒരമ്മ

തിരുവനന്തപുരം: വിശപ്പ് സഹിക്കാന്‍ കഴിയാതെ അവസാനം മണ്ണുവാരിത്തിന്ന് വിശപ്പടക്കി മകന്‍. മക്കളുടെയും തന്റെയും പട്ടിണി മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ സ്വന്തം കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി അമ്മ. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ നേക്കാന്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും കഴിയുന്നത്.  മൂത്തയാള്‍ക്ക് 7 വയസ്സും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം. ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച്‌ വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുമുണ്ടെന്ന് പരാതിയിലുണ്ട്.

മുലപ്പാല്‍ കുടിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ ഒഴികെയുള്ള നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് കുട്ടികളെ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ അവിടെ നല്‍കും. കൂടാതെ മാതാപിതാക്കള്‍ക്ക് കുട്ടികളെ അവിടെ വന്ന് കാണാനും സാധിക്കും. നാല് കുട്ടികള്‍ക്കും 18 വയസ് പ്രായം ആകുന്നത് വരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കും ഉണ്ടാകുക.