ഐ ഗ്രൂപ്പ് രഹസ്യയോഗം; അന്വേഷിക്കാൻ മുല്ലപ്പള്ളി ഇന്ന് കോഴിക്കോട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ ഗ്രൂപ്പ് രഹസ്യയോഗം; അന്വേഷിക്കാൻ മുല്ലപ്പള്ളി ഇന്ന് കോഴിക്കോട്

കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് കോഴിക്കോട് നടത്തിയ രഹസ്യ യോഗത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കോഴിക്കോടെത്തും. രാവിലെ പത്ത് മണിയോടെ കോഴിക്കോട് ഡിസിസിയിൽ എത്തുന്ന മുല്ലപ്പള്ളി ജില്ലാ നേതൃത്വത്തിൽ നിന്ന് യോഗം ചേരാനിടയായ സാഹചര്യങ്ങൾ അന്വേഷിച്ചറിയും. അച്ചടക്കലംഘനം ബോധ്യപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന,

വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശം ഉന്നയിക്കാനുമാണ്ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നത്. ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് വി എം സുധീരൻ നേരത്തെ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ അച്ചടക്ക ലംഘനത്തിൽ നടപടി വേണമെന്നാണ് സുധീരന്റെ നിലപാട്. 

ഇതിനിടെ വിമത യോഗത്തിന് നേതൃത്വം നൽകിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചു. ഇതേ വിഷയത്തിൽ മുല്ലപ്പള്ളിയെ രമേശ് ചെന്നിത്തല ബന്ധപ്പെട്ടതായാണ് വിവരം. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം.