ഫ്ലാറ്റുകൾ പൊളിക്കാൻ താല്പര്യം പ്രകടിപ്പിച്ച് കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മരട് നഗരസഭാ സെക്രട്ടറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്ലാറ്റുകൾ പൊളിക്കാൻ താല്പര്യം പ്രകടിപ്പിച്ച് കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മരട് നഗരസഭാ സെക്രട്ടറി

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താല്പര്യം പ്രകടിപ്പിച്ച് കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മരട് നഗരസഭാ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും കമ്പനികൾ ഉണ്ടെന്നും തിങ്കളാഴ്ച അന്തിമതീരുമാനം ഉണ്ടാകുമെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ്‌ ആരിഫ് പറഞ്ഞു.

അതേസമയം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് വിവേചനപരമാണെന്ന് മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. തീരദേശപരിപാലനച്ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകളുടെ കാര്യത്തില്‍ പിഴ നല്‍കാനാണ് കോടതി നേരത്തെ വിധിച്ചിരുന്നതെന്ന് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. ഡിഎല്‍എഫ് ഫ്ലാറ്റുകളുടെയും മുംബൈയിലെ ആദര്‍ശ് ഹൗസിങ് കെട്ടിട സമുച്ചയത്തിന്‍റെയും കാര്യം ജയറാം രമേഷ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ എന്താണ് വ്യത്യാസമെന്ന് ജയറാം രമേഷ് ചോദിക്കുന്നു.

ഫ്ളാറ്റുടമകള്‍ക്ക് സുപ്രീം കോടതി മാനുഷികപരിഗണന നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു‍. നടപ്പാക്കാന്‍ ഏറെ പ്രായോഗികബുദ്ധിമുട്ടുളള വിധിയാണ് സുപ്രീം കോടതിയുടേത്. കോടതി വിധിയില്‍ ഇടപെടുന്നിതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. പരിമിതിക്കുളളില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. നിയമജ്ഞരുമായി ആലോചിച്ച് നടപടി എടുക്കണം. താമസക്കാര്‍ക്കെതിരെയല്ല നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.