ഓട്ടോ ഡ്രൈവറെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തമിഴ്നാട്ടിൽ കീഴടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓട്ടോ ഡ്രൈവറെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തമിഴ്നാട്ടിൽ കീഴടങ്ങി

ചെന്നൈ: മൂന്നാറിൽനിന്ന് ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തിരുനെല്‍വേലി സ്വദേശി മണി (45) തമിഴ്നാട്ടിൽ കീഴടങ്ങി. ചെന്നൈ സെയ്താപേട്ട് കോടതിയിലാണ് മണി കീഴടങ്ങിയത്. പ്രതിയെ തേനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. 

തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘാംഗവും കൊലപാതകക്കേസുകളിലെ പ്രതിയുമാണു മണി. ഓട്ടോ വിളിച്ചുകൊണ്ടുപോയ ശേഷം ഡ്രൈവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്ക്പോസ്റ്റിനു സമീപം ചുരത്തിൽവച്ച് വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. കണ്ണൻ ദേവൻ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ.ഡിവിഷനിൽ തമ്പദുരൈയുടെ മകനും ഓട്ടോ ഡ്രൈവറുമായ ശരവണൻ (19), ബന്ധുവും കെ.കെ.ഡിവിഷനിൽ ഏബ്രഹാമിന്റെ മകനുമായ ജോൺ പീറ്റർ (17) എന്നിവരാണു കൊല്ലപ്പെട്ടത്.

മണി മൂന്നാറിലെത്തിയത് അമ്മാവൻ ചെല്ലദുരൈയെ കൊല്ലാനായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. തമിഴ്നാട്ടിൽ കൊലപാതക കേസിൽ പ്രതിയായതിനെ തുടർന്നു നാലു വർഷം മുൻപു മണി എല്ലപ്പെട്ടി എസ്റ്റേറ്റിലെത്തി ഒളിവിൽ കഴിഞ്ഞിരുന്നു. വിവരം അറിഞ്ഞു പൊലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. വിവരം ചോർത്തിക്കൊടുത്തതെന്ന സംശയത്തിലാണ് അമ്മാവനെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു. 


LATEST NEWS