മുരുകന് ചികിത്സ നിഷേധിച്ച സംഭവം: ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുരുകന് ചികിത്സ നിഷേധിച്ച സംഭവം: ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായി. പരമാവധി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും അറസ്റ്റ് നടക്കുക. പ്രാഥമികമായി ആശുപത്രികളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. ഡോക്ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസിപി എ അശോകന്‍ അറിയിച്ചു. കൂടാതെ മുരുകന്‍റെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാവസ നിധിയില്‍ നിന്ന് സഹായം നല്കണം എന്ന് AIFY പറഞ്ഞു 

ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്റര്‍ ലഭ്യമായില്ല.നാട്ടുകാരും ട്രാഫിക് വൊളന്റിയർമാരും ചേർന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു മടക്കി.

ഇവിടെനിന്നു വെന്റിലേറ്ററുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. തിരികെ വന്നു കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റർ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലർച്ചെ ആറിനു മരിച്ചു. പശുക്കറവ ജോലിക്കായാണ് മുരുകനും സുഹൃത്തും കൊല്ലത്തെത്തിയത്.

മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. അഞ്ച് ആശുപത്രികളില്‍ നിന്നും ചികിത്സ കിട്ടാത്തത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മ്മാണം വേണമെങ്കില്‍ അതുംചെയ്യും. ഇനിയൊരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ആശുപത്രികളില്‍ നിന്നും ചികിത്സ നിഷേധിച്ച സംഭവം ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിയമസഭയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


LATEST NEWS