സനലിന്റെ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി നെയ്യാറ്റിന്‍കര സ്വദേശിനി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സനലിന്റെ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി നെയ്യാറ്റിന്‍കര സ്വദേശിനി 

നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി യുവതി. നെയ്യാറ്റിന്‍കര സ്വദേശിനിയും സംഭവസ്ഥലത്തെ ദൃക്ഷ്‌സാക്ഷിയുമായ യുവതിയാണ് വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത്. കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാര്‍ സനലിനെ തിരക്കേറിയ റോഡിലേക്ക് മര്‍ദ്ദിച്ച് തള്ളിയിടുന്നത്. ഓടിക്കോണ്ടിരിക്കുന്ന കാറിന്റെ മുകളിലേക്കാണ് സനലിനെ പ്രതിയായ ഡി.വൈ.എസ്.പി തള്ളിയിട്ടത്. പ്രതി മനഃപൂര്‍വ്വം തള്ളിയിട്ടതാണെന്ന് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍ നേരത്തെ ഉണ്ടായിരുന്നു. അപകടം നടന്ന് ഏകദേശം അരമണിക്കൂറോളം സനല്‍ ചോരവാര്‍ന്ന് റോഡില്‍ കിടന്നെന്ന് യുവതി പറയുന്നു.സംഭവത്തിന് ശേഷം ഡി.വൈ.എസ്.പി ഹരികുമാര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടെന്നും ഏതാണ്ട് പത്തുമിനിറ്റ് ശേഷം എസ്.പി എത്തിയതിന് ശേഷം, ഇരുവരും കൂടിയുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഒരുങ്ങിയതെന്നും യുവതി വെളിപ്പെടുത്തി. ഈ സമയമത്രയും താനടക്കമുള്ള നാട്ടുകാര്‍ സനലിനെ നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പോലീസുകാരോട് പറയുകയായിരുന്നു. ഒപ്പം പോകാനിരുന്ന നാട്ടുകാരെയും ബന്ധുക്കളെയും തടഞ്ഞ് വെറും രണ്ടുപേരെ മാത്രം  ആംബുലന്‍സില്‍ കയറ്റി പോലീസുകാര്‍ നേരെ ജനറല്‍ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു. അത്യാസന്നനിലയിലായ സനലിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെപോലും കൂട്ടാതെ ഒരു പോലിസുകാരന്‍ മാത്രമായി, ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. പുറകേ ചെന്ന നാട്ടുകാരോടും ബന്ധുക്കളോടും പോലും പറയാതെയാണ് പോലീസുകാരന്‍ ആംബുലന്‍സ് സ്റ്റേഷനിലേക്ക് വഴിതിരിച്ച് വിട്ടത്. ഏകദേശം 30 മിനുറ്റോളം സനലുമായി ആംബുലന്‍സ് സ്‌റ്റേഷന്‍ വളപ്പില്‍ കഴിഞ്ഞെന്നാണ് വിവരം. അവിടെനിന്നും മറ്റൊരു പോലീസുകാരനെയും കയറ്റിയാണ് ആംബുലന്‍സ് നേരെ മെഡിക്കല്‍ കോളേജിലേക്ക് പോയത്. അതിനിടെ സനലിന് ജീവന്‍ നഷ്ടമായിരുന്നു. 

കേസില്‍ രണ്ട് പോലീസുകാര്‍ക്കും മുഖ്യപ്രതിയായ ഡി.വൈ.എസ്.പിക്കും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്ത രണ്ടു പോലീസുകാരില്‍ ഒരാള്‍ സംഭവ സമയത്ത് സ്‌റ്റേഷനില്‍ പറാവു ഡ്യൂട്ടിയിലായിരുന്നു. സംഭവത്തില്‍ യാതൊരു പങ്കുമില്ലാത്ത ഒരു പോലീസുകാരനെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തി. ഡെമ്മി പ്രതികളെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിയമത്തിന് മുന്നിലേക്ക് ഇട്ടു കൊടുത്തത്. 


LATEST NEWS