കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. നേരത്തെ നിപ്പ വൈറസ് ബാധിച്ചുവെന്ന് സ്ഥിരീകരിച്ച 13 പേരില്‍ 11 പേരും മരിച്ചിരുന്നു.

ഇന്നലെയും ഒരാളെ നിപ്പ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിപ്പ ലക്ഷണങ്ങളോടെ ഏഴ് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയിലും ഒരു യുവാവ് ചികിത്സയിലുണ്ട്.

കോഴിക്കോട് നിന്ന് പോയ രണ്ടുപേര്‍ കോട്ടയത്തും നിപ്പ സംശയത്തോടെ ചികിത്സയിലുണ്ട്. കൂടുതല്‍പേരുടെ സാമ്ബിള്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിന് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു.