നിയമസഭാ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും; നിയുക്ത എംപിമാരായ എംഎൽഎമാർ പങ്കെടുക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയമസഭാ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും; നിയുക്ത എംപിമാരായ എംഎൽഎമാർ പങ്കെടുക്കും

തിരുവനന്തപുരം: നിയമ സഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും.  ജൂലൈ അഞ്ച് വരെ നീണ്ടു നിൽക്കുന്നതാണ് സമ്മേളനം. ആദ്യ ദിനമായ ഇന്ന് കെ എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ എം ആരിഫ് എന്നീ നാലു എംഎൽഎമാരും ഇന്ന് സഭയിൽ എത്തും. എംപിയായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്ത ഇവർക്ക് എംഎൽഎ സ്ഥാനം രാജിവെക്കാൻ  രണ്ടാഴ്ചത്തെ സമയമുണ്ട്. 

അതേസമയം, കേരളാ കോൺഗ്രസിൽ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി രൂക്ഷമായ തർക്കം തുടരുന്നതിനിടെയാണ് സഭാ സമ്മേളനം നടക്കുന്നത്. മാണിയുടെ അഭാവത്തിൽ മുൻനിരയിലെ ഇരിപ്പിടം ഉപനേതാവായ പി ജെ ജോസഫിന് നൽകണമെന്ന് പാർലമെന്‍ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. കത്ത് തള്ളിക്കൊണ്ട് പാ‌‌‌‌ർട്ടി വിപ്പെന്ന നിലയിൽ റോഷി അഗസ്റ്റിൻ എംഎൽഎയും സ്പീക്ക‌‌‌ർക്ക് കത്ത് നൽകിയിരുന്നു.

നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം ആവശ്യപ്പെട്ടായിരുന്നു റോഷി സ്പീക്കർക്ക് ബദൽ കത്ത് നൽകിയത്. എന്നാൽ നിലവിലെ ഉപനേതാവ് എന്ന നിലയിൽ മുൻ നിരയിലെ സീറ്റ് ജോസഫിന് നൽകുമെന്ന് സ്പീക്ക‌റുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

പിണറായി വിജയൻ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ അവസരത്തിലാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ നിയമസഭാ സമ്മേളനത്തിൽ സർക്കാരിന്റെ വിലയിരുത്തൽ കൂടിയുണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയവും പ്രതിപക്ഷം സർക്കാരിനെതിരെയുള്ള വിലയിരുത്തലാണ് ഉപയോഗിക്കും. പ്രതിപക്ഷ വിമർശനങ്ങൾ മുഴുവൻ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരിക്കും.