ഈ ആഴ്‌ചയും മന്ത്രിസഭ ചേരില്ല; തീരുമാനങ്ങൾ എടുക്കുന്നത് നീളും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ ആഴ്‌ചയും മന്ത്രിസഭ ചേരില്ല; തീരുമാനങ്ങൾ എടുക്കുന്നത് നീളും

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ആയതിനാൽ ഈയാഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഇന്നും ചേരില്ല. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തതിനാൽ, പ്രളയശേഷമുള്ള നവകേരള നിർമിതി അടക്കം ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തീരുമാനം എടുക്കുന്നത് നീണ്ടുപോവുകയാണ്. ദുരിതാശ്വാസ നിധിയിലേക്കുള്ള പിരിവിനായി മന്ത്രിമാരെല്ലാം ജില്ലകളിലേക്കു പോയ സാഹചര്യത്തിലാണു പതിവു മമന്ത്രിസഭായോഗം ഇന്നു ചേരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. 

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കാൻ മന്ത്രി ഇ.പി.ജയരാജനെ ഗവർണർ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് ഇതുവരെ അതിനുള്ള അവസരം ലഭിച്ചിട്ടില്ല. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ആധ്യക്ഷം വഹിച്ചേക്കും. 19നു കൂടി മന്ത്രിസഭ ചേരുന്നില്ലെങ്കിൽ മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമേ ചേരാൻ സാധ്യതയുള്ളൂ. അതേസമയം, പ്രളയദുരന്തം നേരിടുന്നതിനുള്ള അഞ്ചംഗ മന്ത്രിസഭാ ഉപസമിതി യോഗം ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ ഇന്നു ചേരും. എന്നാൽ, പ്രവർത്തനങ്ങൾ വിലയിരുത്താനും നിർദേശം നൽകാനുമല്ലാതെ, മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നയ തീരുമാനമെടുക്കാൻ ഈ സമിതിക്ക് സാധിക്കില്ല.

മന്ത്രി ജയരാജൻ ഉൾപ്പെടെ മിക്ക മന്ത്രിമാരും കഴിഞ്ഞ ബുധനാഴ്ച തലസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭ ചേർന്നില്ല. തീരുമാനമെടുക്കേണ്ട വിഷയങ്ങളൊന്നുമില്ലെന്നായിരുന്നു വിശദീകരണം. പിരിവിനു ശേഷം മിക്കവാറും എല്ലാ മന്ത്രിമാരും പതിനഞ്ചോടെ തലസ്ഥാനത്തു മടങ്ങിയെത്തും. 


LATEST NEWS