കന്യാസ്‌ത്രീകളുടെ സമരം ഏഴാം ദിവസത്തിലേക്ക്; ബിഷപ്പിന്റെ വരവും കാത്ത് പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യാസ്‌ത്രീകളുടെ സമരം ഏഴാം ദിവസത്തിലേക്ക്; ബിഷപ്പിന്റെ വരവും കാത്ത് പോലീസ്

കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള വഞ്ചി സ്ക്വയറിലാണ് സമരം നടന്ന് വരുന്നത്. ദിനം പ്രതി നിരവധിപേരാണ് സമര പന്തലിൽ പിന്തുണയുമായി എത്തുന്നത്.

സാമൂഹ്യ പ്രവർത്തകർ - സാംസ്‌കാരിക പ്രവർത്തകർ - രാഷ്ട്രീയ നേതാക്കൾ - സിനിമാ പ്രവർത്തകർ - സ്‌ത്രീപക്ഷ പ്രവർത്തകർ - വിദ്യാർഥികൾ തുടങ്ങി നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി സമര പന്തലിൽ എത്തുന്നത്. വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെ നിരവധി പേർ മറ്റിടങ്ങളിലും പിന്തുണ അറിയിച്ചിരുന്നു. സാധാരണ ജനങ്ങളും വിശ്വാസികളും ധാരാളമായി പന്തലിൽ എത്തുന്നുണ്ട്. 

അതേസമയം, സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാനത്തെ പല ഇടങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സേവ് ആക്ഷൻ കൗൺസിൽ അറിയിച്ചു. അതോടൊപ്പം തിങ്കളാഴ്ച മുതൽ ജില്ലകൾ കേന്ദ്രീകരിച്ചു നിരാഹാര സമരം തുടങ്ങാനും നീക്കമുണ്ട്. പൊലീസിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും വരെ സമരവുമായി മുന്നോട്ട് പോകും എന്ന നിലപാടിലാണ് കന്യാത്രീകളും സമര സംഘാടകരായ ആയ ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലും.

അതേസമയം, ബിഷപ്പിന്റെ വരവും കാത്ത് ഇരിക്കുകയാണ് പോലീസ്. പീഡന വിവരം കാണിച്ച് 80 ദിവസങ്ങൾ കഴിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. കന്യാസ്‌ത്രീകൾ സമരം ആരംഭിച്ചതിന് വിവാദമായതോടെയാണ് ബിഷപ്പിന് ഹാജരാകാൻ പറഞ്ഞ് നോട്ടീസ് അയച്ചത്. ഒരാഴ്ച സമയമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഉന്നതതല ഇടപെടൽ കൊണ്ടാണ് ബിഷപ്പിന്റെ അറസ്റ്റ് നീണ്ടുപോകുന്നതെന്ന് നേരത്തെ വിവാദമുയർന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും പൊലീസിലെ ഉന്നതോദ്യഗസ്ഥരും വിഷയത്തിൽ രണ്ട് തട്ടിലായിരുന്നു. അതേസമയം, അടുത്ത ബുധനാഴ്ച  അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ അറിയിച്ചിട്ടുള്ളത്.

അതേസമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പൊലീസ് ബിഷപ്പിന് നോട്ടീസയച്ചതിനു പിന്നാലെ, ചോദ്യം ചെയ്യാനാണെങ്കിൽ മാത്രമേ പൊലീസുമായി സഹകരിക്കുകയുള്ളുവെന്നും അതല്ലെങ്കിൽ സുപ്രീം കോടതി വരെ പോകുമെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇക്കാര്യം ജലന്തർ രൂപത നിഷേധിച്ചു.

അതിനിടെ, കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് എഫ്‌ഐആര്‍. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. 2014 മെയ് 5നാണ് ആദ്യ പീഡനം. രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡനത്തിനിരയാക്കി. കേസില്‍ 81 സാക്ഷികളെ വിസ്തരിച്ചുവെന്നും 34 രേഖകള്‍ പിടിച്ചെടുത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു.


 


LATEST NEWS