പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടർതീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടർതീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം

കോഴിക്കോട്:കക്കാടംപൊയിലിലെ വാട്ടർതീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം.പി.വി അന്‍വര്‍ എംഎല്‍എ യുടെ അധീനതയിലുള്ള പാര്‍ക്കിലെ വെള്ളമാണ് വറ്റിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

പാര്‍ക്കിനുള്ളിലെ നാല് കുളങ്ങളിലെയും വെള്ളം വൈകുന്നേരത്തിനകം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെത്തുടര്‍ന്നാണ് നടപടി.നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

വൈകുന്നേരത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി നിര്‍മിച്ച പാര്‍ക്കില്‍ അപകടഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ടായിരുന്നു. എന്നാൽ വെള്ളം എങ്ങനെ വറ്റിക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ല.

 

കഴിഞ്ഞ ദിവസം പാര്‍ക്കിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം വരുന്നത്. തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരുന്നു.

 

പാര്‍ക്കിനുള്ളില്‍ അപകടകരമായ വിധത്തില്‍ വെള്ളം സംഭരിച്ചിരിക്കുന്ന വിവിരം മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.