ഉണ്ണാതെ ഉറങ്ങാതെ ഇവിടൊരമ്മയുണ്ട്, ആശ്രയമാകേണ്ട ഭർത്താവിനെയും,  ആകെയുള്ള മകളേയും ക്യാൻസർ വിടാതെ പിന്തുടരുമ്പോൾ പത്മജയെന്ന അമ്മയ്ക്ക് ​കൂട്ടായുള്ളത് ദുരിതങ്ങൾ മാത്രം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉണ്ണാതെ ഉറങ്ങാതെ ഇവിടൊരമ്മയുണ്ട്, ആശ്രയമാകേണ്ട ഭർത്താവിനെയും,  ആകെയുള്ള മകളേയും ക്യാൻസർ വിടാതെ പിന്തുടരുമ്പോൾ പത്മജയെന്ന അമ്മയ്ക്ക് ​കൂട്ടായുള്ളത് ദുരിതങ്ങൾ മാത്രം

മരിക്കാനാകാത്തതിനാൽ ജീവിക്കുന്നു എന്ന് നിർവികാരതയോടെ പറയേണ്ടി വരുന്ന മനുഷ്യജൻമങ്ങളുടെ കണ്ണുകളിലെ വികാരം ഏതാണ്? നിസഹായതയോ അതോ ജീവിതത്തോടുള്ള അടങ്ങാത്ത കൊതിയോ? നിർവചിക്കുവാൻ പ്രയാസമാണത്. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനുമായി മറ്റുള്ളവരുടെ കാരുണ്യത്തിനായി  കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് പത്മജയെന്ന ഈ അമ്മയുടെ കുടുംബവും. 


ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ലെന്ന് നൊമ്പരത്തോടെ പറഞ്ഞു തുടങ്ങിയ പത്മജാ ദേവി എന്ന അമ്മയുടെ വാക്കുകള്‍ക്ക് ആരുടെയും ഉള്ളുലക്കാന്‍ പോകുന്ന നൊമ്പരത്തിന്റെ കഥയാണ് പറയാനുണ്ടായിരുന്നത്. ഭര്‍ത്താവ് മോഹനന്‍ നായരും ഏക മകള്‍ നീതുവും കൂടാതെ  വേദനകളും മാത്രമാണ് ഇന്ന് പത്മജത്തിനും കുടുംബത്തിനും കൂട്ടായുള്ളത്.

 2013 ലാണ് മകളെ ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന തലവേദനയും കൂടെ നിര്‍ത്താത്ത ഛര്‍ദ്ദിയുമായി ആശുപത്രിയിലേക്ക് പത്മജയും ഭര്‍ത്താവ് മോഹനന്‍ നായരും എത്തുന്നത്. ഒരു പാരസിറ്റാമോളില്‍ തീര്‍ക്കാന്‍ എന്നും ശ്രമിച്ചിരുന്ന നിസാരക്കാരനായ തലവേദന അന്നാണ് ആ കുടുംബത്തെ തകര്‍ക്കാന്‍ തക്ക വിധം വലുതായത്. തലച്ചോറില്‍ രക്തകുഴലുകളെ ബാധിക്കുന്ന ട്യൂമറാണ് മകള്‍ക്ക് എന്നറിഞ്ഞ നിമിഷം മരണത്തെ മാത്രമാണ് താന്‍ സ്വപ്നം കണ്ടതെന്ന് പത്മജ വിതുമ്പലോടെ പറയുന്നു.

 'കാര്യമായ വിദ്യാഭ്യാസം ലഭിക്കാത്ത എനിക്കോ എന്റെ ഭര്‍ത്താവിനോ ഇതിനെക്കുറിച്ച് അത്ര വലിയ ധാരണകളൊന്നും ഇല്ലായിരുന്നു.' പത്മജ പറയുന്നു. പക്ഷേ മകളെ മരണത്തിന് വിട്ട് കൊടുക്കില്ല അതിനായി തങ്ങള്‍ക്കാവുന്ന എന്ത് ജോലി ചെയ്തും മകളെ സംരക്ഷിക്കും എന്ന് കൂലിപ്പണിക്കാരനായ അച്ഛന്‍ മോഹനനും കൂലിപ്പണിക്കാരനായ നീതുവിന്റെ ഭര്‍ത്താവ് രജനീഷും തീരുമാനമെടുത്തതോടെ ഏത് വിധേനയും ആകെയുള്ള മകളായ നീതുവിനെയും കൊണ്ട് ജീവിക്കാനുറപ്പിച്ചാണ് ആ കുടുംബം അന്ന് ആശുപത്രിയുടെ പടിയിറങ്ങിയത്. ഇടക്കിടെ വരുന്ന ഫിറ്റ്‌സും ഛര്‍ദ്ദിയും നീതുവിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. 

പാറശാലയിലുള്ള ഒരു ആശുപത്രിയില്‍ തൂപ്പു ജോലിക്കാരിയായ താന്‍ മകളുടെ ചികിത്സക്കും മകളുടെ മകനായ 9 വയസുകാരന്‍ അര്‍ജുന്റെ കാര്യങ്ങൾ നോക്കിനടത്താനും ഒരുപാട് കഷ്ടപ്പെട്ടതായി പത്മജ പറയുന്നു. 16 വര്‍ഷങ്ങള്‍ക്കു മുമ്പാണ് പത്മജത്തിന്റെ ഒരു കിഡ്‌നി നീക്കം ചെയ്തത്. 

നീതു കാര്യമായി ഒന്നും കഴിക്കുന്നില്ലെന്ന പരാതി  പതിവായി പറഞ്ഞു തുടങ്ങിയപ്പോഴാണ് പത്മജ മകളെയും കൂട്ടി വീണ്ടും ആശുപത്രിയിലെത്തിയത്. ചെറിയൊരു മുഴയാണെന്നും കാര്യമാക്കേണ്ടെന്നും മുമ്പ് ആശുപത്രിക്കാർ പറഞ്ഞു വിട്ട ആ മുഴ ഇന്ന് വളര്‍ന്ന് മകള്‍ക്ക് വാ തുറന്ന് നന്നായി സംസാരിക്കാന്‍ പോലും ആകാത്ത വിധവും, പറയുന്ന കാര്യങ്ങള്‍ അവ്യക്തമായി മാത്രം പുറത്തേക്ക് വരുന്ന ഒരവസ്ഥയിലും എത്തിയതായി പത്മം നൊമ്പരത്തോടെ പറയുന്നു. ഫിറ്റ്‌സ് വരാതെ നോക്കാനായി ദിനവും രണ്ടുനേരം 1000, 1500 മി. ഗ്രാം വരുന്ന ഗുളികകളാണ് നീതു കഴിക്കുന്നത്. ഇതല്ലാതെ മറ്റ് മരുന്നുകളും ആശുപത്രി ചെലവുകള്‍ വേറെയും. 

എങ്ങനെയെങ്കിലും ജീവിതം ഉന്തി തള്ളി നീക്കുന്നതിനിടയിലാണ് വിധി അടുത്ത പ്രഹരവുമായി ഇവരെ തേടി എത്തുന്നത്. പത്മജത്തിന്റെ ഭര്‍ത്താവ് മോഹനന്‍ നായര്‍ക്ക് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് വന്നതോടെ തിരുവനന്തപുരം ആര്‍സിസി.യില്‍ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ വർഷം ആയിരുന്നു സംഭവം. രോഗ നിര്‍ണ്ണയത്തിനൊടുവില്‍ അന്നനാളത്തില്‍ കാന്‍സറാണെന്ന് കണ്ടെത്തി. കൃത്യമായി വീട് നോക്കിയിരുന്ന ഭര്‍ത്താവിപ്പോള്‍ തീര്‍ത്തും അവശനും പ്രാഥമിക കാര്യങ്ങള്‍ പോലും സ്വയം നടത്താന്‍ വയ്യെന്ന അവസ്ഥയിലുമാണുള്ളതെന്ന് പത്മജ പറയുന്നു. 

എന്നേ വിധി അടർത്തിയെടുത്ത ഒരു കിഡ്നി മാത്രമുള്ള തനിക്ക് കാന്‍സര്‍ രോഗിയായ ഭര്‍ത്താവിനെയും മകളെയും എത്ര നാൾ ചേര്‍ത്ത് പിടിക്കുവാന്‍ കഴിയുമെന്നാണ് പത്മജ ചോദിക്കുന്നത്. 20 വര്‍ഷമായി വാടക വീടുകളില്‍ കഴിയുന്ന തനിക്കും കുടുംബത്തിനും മരിക്കുന്നതിനു മുന്‍പെങ്കിലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്  ആഗ്രഹം. മാത്രമല്ല മകളെയും ഭര്‍ത്താവിനെയും ചികിത്സിക്കാനുള്ള സഹായവും പ്രതീക്ഷിക്കുന്നെന്ന് പത്മജ പറയുന്നു.

 ഭീമമായ തുക ഭർത്താവിനും മകള്‍ക്കുമായി കണ്ടെത്തണം, കൂടാതെ പേരക്കിടാവിന്റെ കാര്യങ്ങളും നോക്കണം, തൂപ്പ് ജോലിയിൽ നിന്ന് കിട്ടുന്ന തുക പര്യാപ്തമല്ല അതിനാൽ ആരെങ്കിലും സഹായിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഈ അമ്മ കണ്ണീരോടെ പറയുന്നു. 


വാടക വീടിന്റെ പേരു ചെമ്പകം എന്നാണെങ്കിലും   നറുമണം പരത്തുന്ന സു​ഗന്ധത്തിനും സന്തോഷമുള്ള ജീവിതാനുഭവങ്ങൾക്കും പകരം  നിരാശയും ദുരിതവുമാണ് ഇവർക്ക് കൂട്ട്.  9 വയസുകാരൻ അർജുനനെയും ചേർത്ത് പിടിച്ച് ഇനി എത്രനാൾ എന്ന് ഇവർ നമ്മോട് ചോദിക്കുന്നു.

സഹായം നൽകാൻ താത്പര്യമുള്ളവർക്കായി മൊബൈൽ നമ്പർ പങ്കുവയ്ക്കുന്നു

MOB: 08111975704