പാക്കനാര്‍ ഗ്രാമത്തില്‍ പൈതൃകോത്സവം

സ്വന്തം ലേഖകന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാക്കനാര്‍ ഗ്രാമത്തില്‍ പൈതൃകോത്സവം

പറയിപെറ്റ പന്തിരുകുലത്തിന്റെ മഹത്തായ പാരമ്പര്യമുളള തൃത്താലയുടെ മണ്ണില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന പൈതൃകോത്സവം നടക്കും. പട്ടികജാതി/വര്‍ഗ വികസന വകുപ്പ്‌, കിര്‍ത്താഡ്‌സ്‌, യുവജന ക്ഷേമ വകുപ്പ്‌ എന്നിവ സംയുക്തമായാണ്‌ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. പരിപാടികളുടെ ഉദ്‌ഘാടനം ഡിസംബര്‍ 22 ന്‌ പാക്കനാര്‍ ഗ്രാമത്തില്‍ (കൂറ്റനാട്‌ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌) വകുപ്പ്‌ മന്ത്രി പി.കെ.ജയലക്ഷ്‌മി നിര്‍വഹിക്കും. വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങില്‍ വി.ടി.ബല്‍റാം എം.എല്‍.എ. അധ്യക്ഷത വഹിക്കും. പട്ടികജാതി/വര്‍ഗ വികസന വകുപ്പുകളുടേയും കിര്‍ത്താഡ്‌സിന്റെയും പവലിയനുകള്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി. നാടന്‍ കലാമേളകളുടെ ഉദ്‌ഘാടനവും പി.കെ.ബിജു എം.പി പട്ടികവര്‍ഗ മോണിറ്ററിങ്‌ & ഇവാല്യുവേഷന്‍ സോഫ്‌റ്റ്‌ വെയറിന്റെ ഉദ്‌ഘാടനവും നിര്‍വഹിക്കും.

പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ തനതായ ഉത്‌പന്നങ്ങളും വിഭവങ്ങളും പ്രദര്‍ശനത്തിനും വില്‍പ്പനയ്‌ക്കും ഒരുക്കും. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ആദിവാസി ഗോത്രവര്‍ഗങ്ങളുടെ നാടന്‍കലകളും അനുഷ്‌ഠാന രൂപങ്ങളും അവതരിപ്പിക്കും. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നുളള കലാരൂപങ്ങളും അരങ്ങേറും. ഇതിന്‌ പുറമെ വംശീയ വൈദ്യം, മരുന്ന്‌ ആവിക്കുളി, വംശീയ ഭക്ഷണം എന്നിവയും സജ്ജീകരിക്കും. ഉദ്‌ഘാടന പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ എം.എല്‍.എ മാരും ജനപ്രതിനിധികളും പങ്കെടുക്കും.


LATEST NEWS