ആദ്യമണിക്കൂറുകളില്‍ പാലായിൽ മികച്ച പോളിങ്; 21.63 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ആദ്യമണിക്കൂറുകളില്‍ പാലായിൽ മികച്ച പോളിങ്; 21.63 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്. ഇതുവരെ 21.63 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി.  ആദ്യ ഒരു മണിക്കൂറില്‍ 2019ലേതിനെക്കാള്‍ ഉയര്‍ന്ന പോളിങ്ങാണുണ്ടായത്. 2019 ല്‍ 5.83 ശതമാനമായിരുന്നു പോളിങ്. ടൗണ്‍ മേഖലകളിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെടുന്നു.   ഗ്രാമപ്രദേശങ്ങളില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ്. 

 എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പാലാ ഗവ. പോളിടെക്നിക്കിലെ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി  പൂവത്തോട് ഗവൺമെന്റ് എൽ.പി.സ്കൂളിലെ ബൂത്തിലും കുടുംബസമേതമെത്തി വോട്ടുരേഖപ്പെടുത്തി. കെ.എം. മാണിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം പാലാ കത്തീഡ്രല്‍ പളളിയിലെ കുര്‍ബാനയിലും കെ.എം മാണിയുടെ കല്ലറയിലെ പ്രാര്‍ഥനയിലും പങ്കെടുത്ത ശേഷമാണ് ജോസ് ടോം വോട്ടു ചെയ്യാനെത്തിയത്. 
 നടി മിയ കണ്ണാടിയുറുമ്പ് സെൻറ് ജോസഫ്സ് സ്കൂളിലെ  ബൂത്തില്‍ വോട്ടുചെയ്തു. 176 ബൂത്തുകളില്‍ ആധുനിക വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിിച്ചാണ്  വോട്ടെടുപ്പ്. വൈകിട്ട് ആറുമണി വരെയാണ് പോളിങ് സമയം. 
 പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്ന്  എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍.  101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിനുമേല്‍ പോളിങ്ങുണ്ടാകുമെന്നും അത്് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. പാലാ ഗവ. പോളിടെക്നിക്കിലെ ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തി മാണി സി.കാപ്പന്‍ ആദ്യം തന്നെ  വോട്ടുരേഖപ്പെടുത്തി. 

നൂറുശതമാനം വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം. തൊണ്ണൂറ് ശതമാനത്തിന് മേല്‍ പോളിങ് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പൂവത്തോട് ഗവൺമെന്റ് എൽ.പി.സ്കൂളിലെ
; ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ജോസ് കെ.മാണി. കെ.എം. മാണിയെന്ന വികാരം മണ്ഡലത്തിലെങ്ങുമുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയശേഷം ജോസ് കെ. മാണി പറഞ്ഞു. പല ബൂത്തുകളിലും വെളിച്ചക്കുറവുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ജോസ് കെ.മാണി പറഞ്ഞു.