സ്റ്റോപ്പ് മെമോ നൽകിയിട്ടും പഞ്ചായത്ത്  നിർമാണം തുടർന്നു: മൂന്നാർ കയ്യേറ്റം സബ്കളക്ടർ രേണു അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റോപ്പ് മെമോ നൽകിയിട്ടും പഞ്ചായത്ത്  നിർമാണം തുടർന്നു: മൂന്നാർ കയ്യേറ്റം സബ്കളക്ടർ രേണു അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ രേണു രാജ് അഡ്വക്കേറ്റ് ജനറലിന് കൈമാറി. അധികൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പഞ്ചായത്ത് അനധികൃത നിര്‍മാണം തുടര്‍ന്നു. 2010-ലെ കോടതി വിധിയുടെ ലംഘനമാണിത്. അത് കൊണ്ട് തന്നെ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മാണം നടന്നത്. നടപടിയെടുക്കാന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം എസ്.രാജേന്ദ്രന്‍ എംഎല്‍എ വ്യക്തിപരമായ അധിക്ഷേപിച്ച കാര്യം സബ്കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

എന്നാല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം പറയുന്നുണ്ട്. റിപ്പോര്‍ട്ടിലെ നിയമപരമായ പിശകുകളും മറ്റും അഡ്വക്കേറ്റ് ജനറല്‍ പരിശോധിച്ച ശേഷം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.

ഇവരെ രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. സബ്കളക്ടര്‍ക്കെതിരേ രാജേന്ദ്രന്‍ മോശമായ ഭാഷയില്‍ സംസാരിച്ചത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. തുടര്‍ന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എംഎല്‍എയോട് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം ഇന്ന് ജില്ലാ കമ്മിറ്റി പരിശോധിക്കും.


LATEST NEWS