പത്തനംതിട്ട സീറ്റിനെ ചെല്ലി ബി.ജെ.പിയില്‍ തര്‍ക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തനംതിട്ട സീറ്റിനെ ചെല്ലി ബി.ജെ.പിയില്‍ തര്‍ക്കം

തിരുവനന്തപുരം: പുതുക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ബി.ജെ.പിക്കുള്ളില്‍ തര്‍ക്കം രൂക്ഷം. ആറ്റിങ്ങലില്‍ പരിഗണിക്കുന്നതിനെതിരെ കെ. സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പറിയിച്ചതായാണ് സൂചന. തൃശൂര്‍ സീറ്റിന്റെ കാര്യത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനമെടുക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതി നാളെ യോഗം ചേരും.

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് ബി.ജെ.പിയില്‍ കലഹം രൂക്ഷമായിരിക്കുന്നത്. പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രനെ ആറ്റിങ്ങലിലും അല്‍ഫോന്‍സ് കണ്ണന്താനത്തെ കൊല്ലത്തും പരിഗണിക്കാനാണ് പുതിയ തീരുമാനം. ഈ ലിസ്റ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 

ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കടുത്ത അമര്‍ഷത്തിലാണ്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. അല്‍ഫോന്‍സ് കണ്ണന്താനവും ഇതേ നിലപാട് അറിയിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ് പിടിമുറുക്കിയിരിക്കുന്നത്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.