പത്തനംതിട്ടയിൽ  സുരേന്ദ്രന് വിജയിക്കാൻ ശബരിമല മാത്രം മതിയോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തനംതിട്ടയിൽ  സുരേന്ദ്രന് വിജയിക്കാൻ ശബരിമല മാത്രം മതിയോ?

ഇത്തവണ  ബി ജെ പി വിജയം  പ്രതീക്ഷിക്കുന്ന  മണ്ഡലമാണ് പത്തനംതിട്ട . ശബരിമല വിഷയവും വിശ്വാസ സംരക്ഷണവും കൂട്ടുപിടിച്ചു കെ സുരേന്ദ്രൻ വിജയം ഉറപ്പിച്ചു വോട്ട് തേടുമ്പോൾ  പത്തനംതിട്ടയിലെ ക്രിസ്ത്യന്‍ വോട്ടുകളും പാര്‍ട്ടി വോട്ടുകളും ബി ജെ പിയുടെ പ്രതീക്ഷകൾക്ക്  തിരിച്ചടിയായേക്കും. 

ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസവും ശബരിമല പോലെയുള്ള മഹത്തായ ക്ഷേത്രത്തിന്റെ  ആചാരവും സംരക്ഷിക്കാൻ പൊരുതിയ, ജയിലിൽ വരെ  വന്ന മറ്റൊരു മഹാത്മാ ഗാന്ധിയാണ് ബി ജെ ഇയ്ക്കുള്ളിൽ ഇപ്പോൾ കെ സുരേന്ദ്രൻ. ബി ജെ പിയെ സംബന്ധിച്ച് ഇക്കുറി സ്ഥാനാർഥി നിർണ്ണയത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടതും പത്തനംതിട്ടയിൽ ആയിരുന്നു . വിശ്വാസ സംരക്ഷണത്തിൽ വിജയം മോഹിച്ചു എം ടി രമേശും ശ്രീധരൻ പിള്ളയും ഈ മണ്ഡലത്തിൽ കണ്ണ് വച്ചിരുന്നു . എന്നാൽധീര വിപ്ലവകാരിയെന്ന തലക്കെട്ടോടെ കെ സുരേന്ദ്രനെ രംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചു 


കെ സുരേന്ദ്രൻ ആരാണെന്നു മലയാളികൾക്ക് പറഞ്ഞു നൽകേണ്ട ആവശ്യകത ഇല്ല . ശബരിമല വിഷയത്തിൽ വിശ്വാസികളുടെ സഹതാപവും പിന്തുണയും  നേടിയെടുത്ത നേതാവാണ് സുരേന്ദ്രൻ . കോഴിക്കോട് സാമൂതിരി കോളേജിലെ എബിവിപി നേതാവായിരുന്നു  സുരേന്ദ്രൻ. എബിവിപിയിലും ബി ജെ പിയിലുമായി പല പദവികളും വഹിച്ച സുരേന്ദ്രൻ പിന്നീട് തന്റെ പ്രവർത്തന കേന്ദ്രം കാസർഗോഡ് ആക്കി . 

കെ സുരേന്ദ്രന്‍ ആരാണെന്നോ ആരായിരുന്നുവെന്നോ കേരള സമൂഹത്തിന് പറഞ്ഞ് തരേണ്ടി വരില്ലെന്ന് ഉറപ്പാണ്. കീറിയ ഷര്‍ട്ടും തലയില്‍ ഇരുമുടിക്കെട്ടുമായാണ് നാം സുരേന്ദ്രനെ അവസാനം കണ്ടത്. പിന്നീട് ശബരിമല ആചാര സംരക്ഷണത്തിന്റെ പേരില്‍ ജയിലുകളും കോടതികളും കയറിയിറങ്ങുന്ന സുരേന്ദ്രനെയും നാം കണ്ടതാണ്. സോഷ്യല്‍ മീഡയയില്‍ സജീവമായിരിക്കുമ്പോഴും മാധ്യമങ്ങളോട് നേരിട്ട് പ്രതികരിക്കാന്‍ വിമുഖതയുള്ള നേതാവാണ് സുരേന്ദ്രന്‍. സാക്ഷാല്‍ മോദിയുടെ ലൈന്‍. ആകെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് താനെന്തോ ചെയ്തുവെന്ന് തോന്നുമ്പോള്‍ മാത്രം.

  കാസർഗോട്ടെ ജനങ്ങളുടെ ഇടയിലേക്ക് എത്താൻ   സുരേന്ദ്രന്‍ തുളു, കന്നഡ ഭാഷകള്‍ പഠിക്കുകയും ചെയ്തു. ഇതിന് ഫലവുമുണ്ടായി. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസറഗോഡ് മത്സരിച്ച സുരേന്ദ്രന്‍ 1.25 ലക്ഷം വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചു. 2011ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച സുരേന്ദ്രന്‍  രണ്ടാം സ്ഥാനം നേടി .  5,828 വോട്ടുകള്‍ മാത്രമായിരുന്നു  വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുള്‍ റസാഖിനെക്കാള്‍ സുരേന്ദ്രന് കുറവ്. സിപിഎം സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പുവിനെ പിന്നിലാക്കിയാണ് മഞ്ചേശ്വരത്ത് സുരേന്ദ്രൻ രണ്ടാം സ്ഥാനത്തു എത്തിയത് .    2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസറഗോഡ് തന്നെ മത്സരിച്ച സുരേന്ദ്രന്‍ 1.72 ലക്ഷം വോട്ടുകളാണ് പിടിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ പറയുന്നത് ശ്രദ്ധിക്കുന്ന ഒരു വലിയ വിഭാഗം തന്നെ രൂപപ്പെടുകയും ചെയ്തു. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും കേരളത്തിലെ മോദി തരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അദ്ദേഹത്തിന് കിട്ടിയ വോട്ട് ശതമാനം. 


2016ല്‍ സുരേന്ദ്രന്‍ ബിജെപിയുടെ കേരളത്തിലെ ആറ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി ചുമതലയേറ്റു. 2016ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. അതേസമയം മഞ്ചേശ്വരം തന്നെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അബ്ദുള്‍ റസാഖ് ജയിച്ചെങ്കിലും വെറും 89 വോട്ടുകള്‍ക്ക് മാത്രമാണ് സുരേന്ദ്രന് പിന്നിലായത്. തിരിമറികള്‍ ആരോപിച്ച് ഈ ഫലം റദ്ദാക്കണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അബ്ദുള്‍ റസാഖിന്റെ മരണത്തോടെ മഞ്ചേശ്വരം സീറ്റില്‍ ഒഴിവ് വന്നു. ലോക്‌സഭ തെരഞ്ഞെടുപ്പും അടുത്ത് വന്നതോടെ സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്‍മാറുകയും ചെയ്തു.

ഇക്കുറി വിശ്വാസികളെ കയ്യിലെടുത്തു വിജയം ഉറപ്പിച്ചു സുരേന്ദ്രൻ മുന്നോട്ട് നീങ്ങുമ്പോഴും ക്രിസ്ത്യന്‍ വോട്ടുകളും പാര്‍ട്ടി വോട്ടുകളും ഫലത്തെ മാറ്റി മരിച്ചെന്നു വരാം . 
പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിനും ആന്റോ ആന്റണിക്കും കിട്ടാവുന്ന വോട്ടുകളെക്കുറിച്ച്  നിലവിൽ  ഒന്നും പറയാനാകില്ല. എന്നാല്‍ ഇവരില്‍ ആരുടെയെങ്കിലും വോട്ട്  ബി ജെ പിയ്ക്ക് മറിച്ചാൽ  മാത്രമാണ് സുരേന്ദ്രന് എം പി സ്ഥാനം കിട്ടുകയുള്ളു