ആടിയും പാടിയും സദ്യ വിളമ്പിയും കെങ്കേമമായ ഓണാഘോഷം പേയാട്‌ സെന്റ്‌ സേവിയേഴ്‌സ്‌ സ്‌കൂളില്‍

webdesk-592-DkOvl

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആടിയും പാടിയും സദ്യ വിളമ്പിയും കെങ്കേമമായ ഓണാഘോഷം പേയാട്‌ സെന്റ്‌ സേവിയേഴ്‌സ്‌ സ്‌കൂളില്‍

തിരുവനന്തപുരം: മാവേലി മന്നന്‍, വാമനന്‍, പുളളിപ്പുലികള്‍, കരിയില മാടന്‍ തുടങ്ങിയവര്‍ക്കൊപ്പം ചെണ്ടയും ബാന്‍ഡ്‌ മേളവുമായി കുട്ടികള്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ പേയാട്‌ സ്‌കൂളിലെ ഓണാഘോഷം കെങ്കേമമായി. കലം അടിയും വടംവലിയും സുന്ദരിക്കൊരു പൊട്ടുകുത്തലും ഊഞ്ഞാലാട്ടവും കൂടിയായപ്പോള്‍ ആഘോഷത്തിന്‌ ഉത്സവഛായ. രണ്ടായിരത്തി അറുനൂറോളം പേര്‍ക്ക്‌ സ്‌കൂള്‍ പി.ടി.എ.യുടെ വക വിഭവസമൃദ്ധമായ സദ്യ. ഉപ്പേരി, ഇഞ്ചി, മാങ്ങ, നാരങ്ങാ, തോരന്‍, അവിയല്‍ മുതലായ കറികള്‍ നിരനിരയായി എത്തി. വലിയ പാത്രത്തില്‍ ചോറു കൊണ്ടുവരുമ്പോള്‍ കുട്ടികളുടെ മുഖത്ത്‌ കാരണവരുടെ ഭാവം.

സാധാരണ കണ്ണുകളുരുട്ടി കുട്ടികളെ പേടിപ്പിക്കുന്ന അദ്ധ്യാപകരും കാര്യസ്ഥന്‍മാരായി കുട്ടികളുടെ ഇടയിലൂടെ സന്തോഷം പങ്കുവച്ചുകൊണ്ട്‌ നടന്നു. ഓണാവധി തുടങ്ങുന്ന ദിവസമാണ്‌ സ്‌കൂളില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചത്‌. ആഘോഷപരിപാടികള്‍ക്ക്‌ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മുന്‍ ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌, ഐ.ടി. സെക്രട്ടറി പി.എച്ച്‌. കുര്യന്‍, തിരുവനന്തപുരം റൂറല്‍ എസ്‌.പി., എ.ജെ. തോമസുകുട്ടി, സ്വസ്‌തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്‌ തുടങ്ങിയവര്‍ എത്തി കുട്ടികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

ഓണം നമുക്കേവര്‍ക്കും സന്തോഷം പകരട്ടെയെന്നും നമ്മളില്‍ സഹാനുഭൂതിയും സഹവര്‍ത്തിത്വവും സഹകരണവും സമഭാവനയും വളര്‍ത്താന്‍ ഈ ആഘോഷത്തിന്‌ കഴിയട്ടെയെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആശംസിച്ചു. ഓണം നമുക്ക്‌ പ്രതീക്ഷകള്‍ നല്‌കുന്നുവെന്നും സമത്വത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഓണത്തിലൂടെ കഴിയണമെന്നും മുന്‍ ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. ധാര്‍മികമൂല്യങ്ങളും നന്മയും ഉറപ്പിക്കുന്ന ഓണപ്രതിജ്ഞയും അദ്ദേഹം കുട്ടികള്‍ക്ക്‌ ചൊല്ലിക്കൊടുത്തു.

വെറുതെ ആഘോഷിച്ചു കളയാതെ ഓണനാളില്‍ നമ്മള്‍ ആത്മപരിശോധന നടത്തണമെന്ന്‌ ഐ.ടി. സെക്രട്ടറി പി.എച്ച്‌. കുര്യന്‍ പറഞ്ഞു. ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും ഇടത്തരക്കാരുമായ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിലെ, മികച്ച വിജയം നേടുന്ന മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ 5001 രൂപ വീതം എല്ലാവര്‍ഷവും ക്യാഷ്‌ അവാര്‍ഡ്‌ നല്‌കുമെന്ന്‌ സ്വസ്‌തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്‌ പറഞ്ഞു. പ്രഗത്ഭരായ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിളപ്പില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സുനിത കുമാരി, പി.ടി.എ. പ്രസിഡന്റ്‌ ആര്‍.ഹരികുമാര്‍, സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ സാബു വര്‍ഗീസ്‌, പ്രിന്‍സിപ്പല്‍ ആര്‍.എസ്‌. റോയ്‌, ഹെഡ്‌മാസ്റ്റര്‍ എ. സുനില്‍കുമാര്‍, കോഡിനേറ്റര്‍ സാലു ജെ.ആര്‍. തുടങ്ങിയവര്‍ പരിപാടിയ്‌ക്ക്‌ നേതൃത്വം നല്‌കി. ആര്‍. ഹരികൃഷ്‌ണന്‍, ഗോകുല്‍ ഗോവിന്ദ്‌, വി. കാര്‍ത്യായനി, ബി. നീന, ബിജിത്ത്‌ എ.എല്‍., ഗ്രാമപഞ്ചായത്ത്‌ അംഗം എല്‍. പങ്കജാക്ഷിയമ്മ, കുമാരി നിരഞ്‌ജന, പ്രവീണ്‍ പ്രേം തുടങ്ങിയവരും പങ്കെടുത്തു. ഓണാഘോഷത്തിനെത്തിയ രണ്ടായിരത്തി അഞ്ഞൂറു കുട്ടികളും ഗ്രീന്‍ ഗ്ലോബ്‌ വോളണ്ടിയേഴ്‌സിന്റെ വകയായി നല്‌കിയ വൃക്ഷത്തൈകളുമായിട്ടാണ്‌ പരിപാടികള്‍ക്ക്‌ ശേഷം അവരവരുടെ വീടുകളിലേക്ക്‌ മടങ്ങിയത്‌.

 


LATEST NEWS