കർണാടക അതിർത്തി അടച്ച സംഭവം: പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കർണാടക അതിർത്തി അടച്ച സംഭവം: പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കർണാടക അതിർത്തി അടച്ച സംഭവത്തിൽ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. കർണാടക അതിർത്തിയിൽ ചികിത്സ കിട്ടാതെ വയോധിക മരിച്ചതുൾപ്പെടെ മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻപും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ കർണാടക നിലപാട് കടുപ്പിക്കുകയാണ് ചെയ്തത്. അടിയന്തര നടപടി ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നിലവിൽ രോഗ വ്യാപനമില്ലെന്നും കേരളത്തിലേക്കുള്ള ചരക്ക് നീക്കം സ്തംഭിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടക അതിർത്തിയിൽ പൊലീസ് ആംബുലൻസ് തടഞ്ഞതോടെ ചികിത്സ ലഭിക്കാതെ മലയാളിയായ വയോധിക മരിച്ചിരുന്നു. കർണാടക ബണ്ട്വാൾ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാസർഗോട്ടെ മകന്റെ വീട്ടിലായിരുന്നു പാത്തുമ്മ. ആരോഗ്യനില മോശമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് അതിർത്തി തുറന്ന് നൽകാൻ തയാറായില്ല. തുടർന്ന് പാത്തുമ്മയെ മകന്റെ വീട്ടിലേയ്ക്ക് തിരികെ എത്തിച്ചു. മകന്റെ വീട്ടിലെത്തിയ ഉടൻ മരണം സംഭവിക്കുകയായിരുന്നു. സംഭവം വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.