സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടെ നിലപാടിനോടുള്ള എതിര്‍പ്പ് അറിയിച്ച മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സഹായമില്ലാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ലെന്നും വ്യക്തമാക്കി.

കോച്ച്‌ ഫാക്ടറി വിഷയത്തില്‍ പ്രധാനമന്ത്രിയുടേത് നിഷേധാത്മകമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് കാട്ടുന്നത് നീതികേടാണ്. ഭക്ഷ്യവിഹിതം കൂട്ടണമെന്ന ന്യായമായ ആവശ്യം പോലും പ്രധാനമന്ത്രി അംഗീകരിക്കുന്നില്ല. പ്രധാനമന്ത്രി വിശദമായ ചര്‍ച്ചയിലേക്ക് കടന്നില്ല. മറുപടി നല്‍കാന്‍ പ്രധാനമന്ത്രി അവസരം നല്‍കിയില്ല എന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായമില്ലാതെ മുന്നോട്ട് പോകാനാകില്ല. കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ സഹകരണവും ആവശ്യമാണ്. പ്രധാനമന്ത്രിയുടെ പ്രതികരണം കേരളത്തിന്റെ പൊതുതാത്പര്യത്തിന് എതിരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണം, കഞ്ചിക്കോട്ട് റെയില്‍വെ കോച്ച്‌ ഫാക്ടറി സ്ഥാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്.