മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങി; പക്ഷേ, നേരിടേണ്ടി വന്നത് പോലീസ് അതിക്രമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങി; പക്ഷേ, നേരിടേണ്ടി വന്നത് പോലീസ് അതിക്രമം

ആലപ്പുഴ: സ്വന്തം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിറങ്ങിയ യുവാവിനെ അകാരണമായി പിടിച്ച് കൊണ്ടുപോയി പോലീസ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് വോളന്റിയറും, സന്നദ്ധ സേനാ അംഗവുമായ പ്രേം പ്രസാദിന് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ പ്രേമിനെ വള്ളികുന്നം എസ് ഐ നടുറോഡിൽ തടഞ്ഞു നിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.20 മണിയോട് കൂടി അയ്യങ്കാളി കോളനി (IHDP കോളനി) യിലെ കുട്ടികൾക്കും മുതിർന്നവർക്കും പാലും, റൊട്ടിയും, ബിസ്കറ്റും, മരുന്നും വാങ്ങാനായി കറ്റാനം പള്ളിമുക്കിലുള്ള ബേക്കറിയിലേക്കും മെഡിക്കൽ സ്റ്റോറിലേക്കും ഹെൽമെറ്റും, മുഖാവരണം ധരിച്ച് സ്കൂട്ടറിൽ പോയതായിരുന്നു പ്രേം പ്രസാദ്. എന്നാൽ ഇയാളെ തടഞ്ഞു നിർത്തി പൊലീസ് ജീപ്പിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയായിരുന്നു. 

കഴുത്തിൽ തൂക്കിയിട്ടിരുന്ന ഹെൽത്ത് വോളന്റിയറുടെ ഐഡി കാർഡ് പിടിച്ചെടുത്ത് ജീപ്പിനകത്തേക്ക് എറിയുകയും പ്രേം പ്രസാദിന്റെ വിശദീകരണം കേൾക്കാൻ കൂട്ടാക്കാതെ നാട്ടുകാരുടെ മുൻപിൽ വച്ച് അപമാനിക്കുകയും ചെയ്തുവെന്നും പ്രേം പറയുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ലംഘിച്ചുകൊണ്ട് കൈയിൽ ഗ്ലൗസ് ധരിക്കാതെയാണ് എന്റെ കയ്യിൽ പിടിച്ചു വലിച്ച് എന്നെ എസ് ഐ ജീപ്പിൽ കയറ്റിയതെന്നും ഇയാൾ വ്യക്തമാക്കുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ പ്രേമിന്റെ കയ്യിൽ ഉണ്ടായിരുന്ന ഭരണിക്കാവ് പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ച ഹെൽത്ത് വളണ്ടിയർ കാർഡ് കണ്ട് ഇത് പാർട്ടി കാർഡ് ആണെന്ന് പറഞ്ഞായിരുന്നു എസ് ഐയുടെ നടപടി. ഇതിന് കാരണമായി അദ്ദേഹം കണ്ടെത്തിയ കാർഡിന് താഴെയുള്ള മൂവർണ നിറമായിരുന്നു. എന്നാൽ അതിന് തൊട്ടുമുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഒപ്പിട്ടത് കാണാമായിരുന്നെങ്കിലും എസ് ഐ ഇത് കാണാൻ ശ്രമിച്ചില്ല.
 
ഒരു മണിക്കൂറോളം തന്നെ ജീപ്പിൽ ഇരുത്തിയ ശേഷമാണ് സ്റ്റേഷനിൽ കൊണ്ട് പോയത്. ഈ സമയത്തെല്ലാം അതുവഴി കടന്ന് വന്ന എല്ലാവരോടും വള്ളികുന്നം എസ് ഐ സുനിമോൻ വളരെ മോശമായാണ് പെരുമാറിയതെന്നും പ്രേം പ്രസാദ് 'അന്വേഷണ'ത്തിനോട് പറഞ്ഞു. അതുവഴി വന്ന മറ്റു പലരെയും പിടിച്ചെങ്കിലും തന്നെ മാത്രമാണ് ജീപ്പിൽ ഇരുത്തി സ്റ്റേഷനിൽ കൊണ്ട് പോയതെന്നും പ്രേം അന്വേഷണത്തോട് വ്യക്തമാക്കി. 

എം.എ സോഷ്യോളജി ബിരുദധാരിയാണ് പൊതുപ്രവർത്തകനായ പ്രേം പ്രസാദ്. ഇയാളുടെ വാർഡിന്റെ പരിധിയിൽപ്പെട്ട സ്ഥലമാണ് ഇയാൾ സാധനങ്ങൾ വാങ്ങാൻ പോയ കറ്റാനം പള്ളിമുക്ക്. ഫേസ്ബുക് വഴിയാണ് ഇയാൾ തനിക്ക് പോലീസിൽ നിന്നുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. പിന്നീട് 'അന്വേഷണം' റിപ്പോർട്ടർ വിളിച്ചന്വേഷിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ഇയാൾ വ്യക്തമാക്കിയത്. സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കും, പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ, പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
പ്രേം പ്രസാദ്.


പ്രേം പ്രസാദിന്റെ  ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

കോവിഡ്19 നെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ വാക്ക് കേട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകനായ എനിക്കുണ്ടായ അനുഭവം.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് വോളന്റിയറും, സന്നദ്ധ സേനാ വോളന്റിയറും ആണ് ഞാൻ. ഭരണിക്കാവ് പഞ്ചായത്തിലെ ആറാം വാർഡിലെ ഐ എച്ച്‌ ഡി പി കോളനി (അയ്യൻകാളി കോളനി) യിലാണ് ഞാൻ താമസിക്കുന്നത് 07-04-20 ചൊവ്വാഴ്ച രാവിലെ 11.20 മണിയോട് കൂടി കോളനിയിലെ കുട്ടികൾക്കും മുതിർന്നവർക്കും പാലും, റൊട്ടിയും, ബിസ്കറ്റും, മരുന്നും വാങ്ങാനായി കറ്റാനം പള്ളിമുക്കിലുള്ള ബേക്കറിയിലേക്കും മെഡിക്കൽ സ്റ്റോറിലേക്കും ഹെൽമെറ്റും, മുഖാവരണം ധരിച്ച് സ്കൂട്ടറിൽ പോയ എന്നെ വള്ളികുന്നം എസ് ഐ നടുറോഡിൽ തടഞ്ഞു നിർത്തി പൊലീസ് ജീപ്പിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയുണ്ടായി. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന ലംഘിച്ചുകൊണ്ട് കൈയിൽ ഗ്ലൗസ് ധരിക്കാതെയാണ് എന്റെ കയ്യിൽ പിടിച്ചു വലിച്ച് എന്നെ എസ് ഐ ജീപ്പിൽ കയറ്റിയത്.

ഞാൻ കഴുത്തിൽ തൂക്കിയിട്ടിരുന്ന ഹെൽത്ത് വോളന്റിയറുടെ ഐഡി കാർഡ് പിടിച്ചെടുത്ത് ജീപ്പിനകത്തേക്ക് എറിയുകയും എന്റെ വിശദീകരണം കേൾക്കാൻ കൂട്ടാക്കാതെ നാട്ടുകാരുടെ മുൻപിൽ വച്ച് അപമാനിക്കുകയും ചെയ്തു.

ഒരു മണിക്കൂർ സമയം എന്നെ ജീപ്പിൽ ഇരുത്തുകയും പിന്നീട് 6 കിലോമീറ്റർ അകലെ വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രണ്ടര മണിക്കൂർ സമയം പൊലീസ് സ്റ്റേഷനിൽ ഇരുത്തി വെള്ളപേപ്പറിൽ ഒപ്പിടുവിച്ച് പകൽ 3 മണിയോടുകൂടി വിട്ടയക്കുകയും ചെയ്തു.

ഇക്കാരണം കൊണ്ട് സമയത്തിന് ഭക്ഷണ സാധനങ്ങളും മരുന്നും കോളനി നിവാസികൾക്ക് എത്തിച്ചുകൊടുക്കാൻ സാധിച്ചില്ല. വള്ളികുന്നം എസ് ഐ എന്നെ മാനസികമായി പീഡിപ്പിക്കുകയും പൊതു സമൂഹത്തിന്റെ മുമ്പിൽ വച്ച് പരസ്യമായി മനപ്പൂർവ്വം അധിക്ഷേപിക്കുകയും ചെയ്തു.

എന്നോടൊപ്പം പൊലീസ് പിടി കൂടിയ അഞ്ചോളം പേരെ അവരുടെ സ്കൂട്ടറുകളിൽ മുഖാവരണം പോലും ഇല്ലാതെ പോലീസുകാരെ കയറ്റി സാമൂഹിക അകലം പാലിക്കാതെ സർക്കാർ നിർദ്ദേശം ലംഘിച്ച്കൊണ്ടാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പട്ടികജാതി പുലയ സമുദായത്തിൽപ്പെട്ട എം.എ സോഷ്യോളജി ബിരുദധാരിയായ പൊതുപ്രവർത്തകനാണ് ഞാൻ.
എന്റെ വാർഡിന്റെ പരിധിയിൽപ്പെട്ട സ്ഥലമാണ് ഞാൻ സാധനങ്ങൾ വാങ്ങാൻ പോയ കറ്റാനം പള്ളിമുക്ക്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ എനിക്കുണ്ടായ അനുഭവമാണ് മേൽ വിവരിച്ചത്.