മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല; യുവതിയുടെ രഹസ്യ മൊഴിയെടുക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല; യുവതിയുടെ രഹസ്യ മൊഴിയെടുക്കും


മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തുമെന്ന് മുംബൈ പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം ബിനോയിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 27നാണ് മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതി പരിഗണിക്കുക.

യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്നാണ് മുംബൈ ഓഷിവാര പോലീസ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്. ബിനോയ് കോടിയേരിക്കയച്ച പരാതിയില്‍ വിവാഹം ചെയ്‌തെന്നാണ് പറഞ്ഞതെങ്കില്‍ എഫ്‌ഐആറില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് മൊഴി നല്‍കിയത്. ഈ മൊഴിയിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ മുംബൈ പോലീസ് തയ്യാറെടുക്കുന്നത്. രഹസ്യമൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും.അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

മൊഴിയിലെ ഈ വെരുദ്ധ്യമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയില്‍ ബിനോയുടെ വക്കീല്‍ ചൂണ്ടിക്കാട്ടിയതും. കെട്ടിച്ചമച്ച കേസാണിതെന്നും ബലാല്‍സംഗ കേസ് നിലനില്‍ക്കില്ലെന്നും യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ വാദിച്ചത്.

അതേസമയം, ഒരാഴ്ചയിലേറെ കേരളത്തിൽ പരിശോധന നടത്തിയിട്ടും മുംബൈയിൽ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല.